കാഞ്ഞങ്ങാട്: വിഷുത്തലേന്ന് രാത്രി ജനപ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങി നഗരം ക്ളീനാക്കി. പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി വരെ ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരം ശുചീകരിച്ചു. വിഷുദിവസം നഗരത്തിലെത്തുന്നവർക്ക് മുമ്പിൽ മാലിന്യമുക്ത നഗരം കണികാണുക എന്ന ലക്ഷ്യത്തോടെയാണ് ചെയർപേഴ്സൺ കെ.വി സുജാതയും സഹ കൗൺസിലർമാരും നഗരത്തിലിറങ്ങിയത്.
വിഷു വിപണിയെ തുടർന്ന് നഗരത്തിൽ ഉണ്ടായ മാലിന്യങ്ങൾ ഒറ്റ രാത്രിയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വഴിയോര കച്ചവടങ്ങൾക്ക് നഗരസഭ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാലിന്യങ്ങളുടെ അളവ് കുറവായിരുന്നു.
വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക്, സ്ഥിരം സമിതി ചെയർമാന്മാരായ കെ.വി. സരസ്വതി, പി അഹമ്മദലി, കെ. അനീശൻ, കെ.വി മായാകുമാരി, മുൻ ചെയർമാൻ വി.വി രമേശൻ, കൗൺസിലർമാരായ എൻ. അശോക് കുമാർ, ബനീഷ് രാജ്, സി. രവീന്ദ്രൻ, ടി.വി സുജിത്ത് കുമാർ, ടി. ബാലകൃഷ്ണൻ, നജ്മ റാഫി, പി.വി മോഹനൻ, വിനീത് കൃഷ്ണൻ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ രാജഗോപാലൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു, ഷിജു, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി.