kovid

കണ്ണൂർ:ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അടുത്ത രണ്ടാഴ്ച അതിനിർണായകമാണെന്ന വിലയിരുത്തലിൽഒരു വിധ ആൾക്കൂട്ടവും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾക്കാണ് നിർദേശം. മതപരമായ ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകി.

സഹകരണം തേടി വെള്ളിയാഴ്ച മത നേതാക്കളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനിച്ചു. ജില്ലയിൽ പ്രതിരോധ കുത്തിവെപ്പും കൊവിഡ് പരിശോധനയും വ്യാപകമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തു. കൊവിഡ് ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളെക്കൂടി സഹകരിപ്പിച്ച് സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. സി.എഫ്.എൽ.ടി.സികൾ പുനഃസ്ഥാപിക്കേണ്ടതുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഇതിനായുള്ള നടപടികൾ െകെക്കൊള്ളാനും കളക്ടർ നിർദേശം നൽകി.

ജില്ലയിൽ ഇന്നും നാളെയും പരിശോധന;

കണ്ണൂർ: ജില്ലയിൽ കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി 20000 പേർക്കുള്ള കൊവിഡ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പരിശോധന സ്ഥലവും മറ്റു സൗകര്യങ്ങളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനവും മെഡിക്കൽ ഓഫീസറും കൂടിയാലോചിച്ചു തീരുമാനിക്കും.
രോഗലക്ഷണം ഉള്ളവർ, രോഗികളുമായി സമ്പർക്കത്തിൽ വന്നവർ, ആശുപത്രി ഒ .പിയിൽ വന്നവരും കൂട്ടിരിപ്പുകാരും കിടപ്പുരോഗികൾ (ഡോക്ടറുടെ അനുമതിയോടെ), ആൾക്കൂട്ടത്തിൽ സജീവമായി പ്രവർത്തിക്കുന്ന 45 വയസ്സിനു താഴെയുള്ളവർ, 45 വയസ്സിനു മുകളിലുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിലും ഡ്യൂട്ടിയിലും പങ്കെടുത്തവർ, കണ്ടൈൻമെന്റ് സോണിലും ക്ലസ്റ്റർ സോണിലും ഉള്ളവർ, പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഹോട്ടലുകൾ, മാർക്കറ്റുകൾ, ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടീവുമാർ എന്നിവരെ ടെസ്റ്റ് ചെയ്യിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർടിപിസിആർ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, വലിയപാറ ഗവ. എൽ. പി സ്‌കൂൾ, പേരാവൂർ താലൂക്കാശുപത്രി, ഉമ്മറപ്പൊയിൽ എഫ്എൽടിസി, മലപ്പട്ടം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)അറിയിച്ചു.