mangaluru-boat

 അപകടകാരണം ബോട്ടിന്റെ സ്രാങ്ക് ഉറങ്ങിയതിനാലെന്ന് പ്രാഥമിക റിപ്പോർട്ട്

കാസർകോട്: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ ബോട്ട് മംഗളൂരു പുറംകടലിൽ അപകടത്തിൽപ്പെട്ടത് സ്രാങ്ക് ഉറങ്ങിപ്പോയതിനെ തുടർന്ന് കപ്പൽചാലിലേക്ക് നീങ്ങിയതിനാലാണെന്ന് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ സ്രാങ്ക് അലക്‌സാണ്ടർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു.

കപ്പൽ ചാനൽ മാറിവന്നു ബോട്ടിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. ബോട്ട് ദിശമാറി കപ്പൽ ചാനലിലേക്ക് കയറുകയും വിദേശ ചരക്കു കപ്പലിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. അപകടത്തിൽ രക്ഷപ്പെട്ട രണ്ടുപേരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അതിനിടെ അപകടത്തിൽപ്പെട്ടുകാണാതായ മറ്റു ഒമ്പത് മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കപ്പലിൽ ഇടിച്ചു തകർന്ന ബോട്ടിന്റെ അടിഭാഗത്തുള്ള കാബിനിൽ ഇവർ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. കടലിൽ കോസ്റ്റുഗാർഡും നാവികസേനയുടെ ഹെലികോപ്ടറും വ്യാപകമായ തെരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് വേണ്ടി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. പതിനാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ചൊവ്വാഴ്ച ലഭിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. മംഗളൂരു ബന്ദർ തുറമുഖത്ത് നിന്ന് 43 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വച്ചാണ് അപകടം നടന്നത്.

ബോട്ടിലുണ്ടായിരുന്നത് ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശികളും ഒരാൾ ബംഗാൾ സ്വദേശിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവർ മീൻപിടിത്തത്തിന് പുറപ്പെട്ടത്. സിംഗപ്പൂരിൽ നിന്നുള്ള ചരക്കു കപ്പലിലാണ് ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു.