മംഗളുരു: സിഗ്നലിനായി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറിയ 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി റെയിൽവേ അധികൃതർ. ബുധനാഴ്ച ഉച്ചയ്ക്കാണ് മംഗളുരു ജോക്കട്ടെ സ്വദേശിയായ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ദിശാൻ (15) അപകടത്തിൽ പെട്ടത്.
50 ശതമാനം പൊള്ളലേറ്റ ദിശാൻ മംഗളൂരുവിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണുള്ളത്. ട്രെയിനിന്റെ ഓവർഹെഡ് പവർ ലൈനുമായി ദിശാൻ ബന്ധപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.തോക്കൂരിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്. ആ സമയം ദിശാൻ മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട ജോക്കട്ടെ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ കാര്യം അന്വേഷിച്ചപ്പോൾ ദിശാന്റെ അപകട വിവരം പറഞ്ഞു. ഉടൻ നാട്ടുകാർ മംഗളൂരുവിലെ എ.ജെ ആശുപത്രിയിൽ എത്തിച്ചു. ഓവർഹെഡ് ലൈനുകളും അനുബന്ധ ഉപകരണങ്ങളും 25,000 വോൾട് വരെ വൈദ്യുതി വഹിക്കുന്നതിനാൽ പ്രധാന സ്ഥലങ്ങളിൽ നിയമാനുസൃത മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. വൈദ്യുതീകരിച്ച സ്ഥലങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ, യാത്രക്കാർ, തൊഴിലാളികൾ എന്നിവരോട് അഭ്യർഥിച്ചു.
റെയിൽവേ നിർദേശം ഇങ്ങനെ
ഇലക്ട്രിക് കേബിളുകളുമായും അവയുമായി ബന്ധിപ്പിച്ച ഉപകരണങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടരുത്.
മഴയോ മിന്നലോ ഉള്ള സമയത്ത് ഇലക്ട്രിക് കേബിളുകൾക്ക് താഴെ കുട ഉപയോഗിക്കാതെ നിൽക്കുരുത്.
മാസ്റ്റുകൾ / ലോകോസ് / കാരിയേജുകൾ / വാഗണുകൾ എന്നിവയിൽ കയറരുത്.
റെയിൽവേ ഓവർ ബ്രിഡ്ജുകൾ, ഫുട് ഓവർ ബ്രിഡ്ജ് എന്നിവയിൽ നിന്നും ഒ.എച്ച്. ഇ ലൈനുകളിലേക്ക് വസ്തുക്കൾ എറിയരുത്.
ഒ.എച്ച്. ഇ ലൈനിനടുത്തുള്ള മരങ്ങൾ മുറിക്കാൻ ശ്രമിക്കരുത്.
ലെവൽ ക്രോസിംഗുകളിൽ അനുവദനീയമായ ഉയരത്തിനപ്പുറം ലോഡുമായി വാഹനങ്ങൾ പോകരുത്.
വാഹനങ്ങളുടെ മുകളിൽ യാത്ര ചെയ്യരുത്.
ആനകളെ കയറ്റി കൊണ്ട് പോവുക, ഘോഷയാത്രയിൽ ഇരുമ്പ് പതാക തൂണുകൾ വഹിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം.