പാനൂർ: യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം രണ്ട് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിലായി. മുഖ്യപ്രതി പുല്ലൂക്കരയിലെ വിപിൻ, സംഗീത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഏഴ് പേർ അറസ്റ്റിലായി.
മോന്താൽ പാലത്തിനടുത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മൻസൂറിനെ വിപിനും സംഗീതും ചേർന്ന് ബോംബെറിഞ്ഞുവെന്നാണ് കേസ്. മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് സംഭവസ്ഥലത്തിന് നൂറ് മീറ്റർ അകലെയാണ് പ്രതികൾ ഒത്തുചേർന്നത്. സി.പി.എം പ്രദേശിക നേതാവ് സന്ദീപും സംഘത്തിനൊപ്പമുള്ളതായി ദൃശ്യത്തിൽ നിന്നു തെളിഞ്ഞിരുന്നു. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൊലപാതകത്തിന്റെ ആസൂത്രണം വാട്സ് ആപ് സന്ദേശം വഴിയാണെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാൽ, പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ഇഴയുന്നുവെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താമെന്ന് അഭിപ്രായം ഉയർന്നെങ്കിലും എല്ലാ പ്രതികളും പിടിയിലായശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന പൊലീസ് നിലപാട് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച്അന്വേഷണം തുടങ്ങി. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.