murder

കാസർകോട്: കർണ്ണാടക സ്വദേശിയായ 45 വയസുകാരനെ അടിച്ചു കൊന്ന ശേഷം വലിച്ചിഴച്ച് കടവരാന്തയിൽ തള്ളിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളം പള്ളിക്കടുത്തെ കടവരാന്തയിലാണ് വ്യാഴാഴ്ച രാവിലെ കർണ്ണാടക സ്വദേശിയുടെ ചോരവാർന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തലയുടെ പിൻഭാഗത്തും കൈകളിലുമായി അഞ്ചോളം മാരകമായ മുറിവേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടിക്കുളത്ത് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട കർണ്ണാടക സ്വദേശി ഉമേഷിനെ (38) ബേക്കൽ ഡിവൈ.എസ്.പി. കെ.എം. ബിജു, ബേക്കൽ സി.ഐ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം ഇയാൾ പരസ്പര വിരുദ്ധമായാണ് മൊഴി നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ പറ്റിപോയതാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കർണ്ണാടക പൊലീസുമായി ബേക്കൽ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ക്രൂരമായ കൊലപാതകമെന്ന ഉറച്ച നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തിന് തൊട്ടുമുമ്പിലുള്ള കെട്ടിടത്തിലെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ച ദൃശ്യമാണ് പൊലീസ് ഏറെ സഹായകമായത്. വിഷുദിവസം രാത്രി 11.20 ന് അടിയേറ്റു മൃതപ്രായനായ ഒരാളെ പിടിച്ചുവലിച്ചു കൊണ്ടുവന്ന് കടവരാന്തയിൽ ഉപേക്ഷിച്ച ശേഷം ഒരാൾ രക്ഷപ്പെടുന്ന ദൃശ്യം സി.സി.ടി.വിയിൽ വ്യക്തമായി കാണാമായിരുന്നു. ഇയാളും കർണ്ണാടക സ്വദേശിയാണെന്ന് പറയുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ചുകിടക്കുന്ന സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ചോടിയത് തൊട്ടടുത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്കായിരുന്നു. ഇവിടെ നിന്നാണ് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഉമേഷിന്റെ കൂടെ കാസർകോട് നിന്നും ഒപ്പം കൂടിയ ആളാണ് മരിച്ചത്. എനിക്ക് ഇയാളെ മുൻപരിചയം ഇല്ലെന്നാണ് ബേക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കസ്റ്റഡിയിൽ എടുത്ത ഉമേശൻ മൊഴി നൽകിയത്. വിഷു ദിവസം രാവിലെ മംഗളൂരുവിലെ നിന്ന് വരുന്ന വഴി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഉമേഷിന്റെ അടുത്തുവന്ന് പരിചയപ്പെടുകയും ഒപ്പം കൂടുകയും ചെയ്ത ആൾ കൂടെ കോട്ടിക്കുളത്തേക്ക് വന്നുവത്രേ. വരുമ്പോൾ ഇരുവരുടെയും കൈയിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ പാലക്കുന്നിൽ ഇറങ്ങി. അവിടെ നിന്നാണ് ഒരുവരും കോട്ടിക്കുളത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ താമസ സ്ഥലത്തെത്തിയത്. രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കിച്ചു. ബഹളത്തിനിടയിൽ ആക്രമിക്കാൻ വന്നപ്പോൾ തലക്കും കഴുത്തിനും അടിച്ചു. മദ്യലഹരിയിൽ ചെയ്തുപോയതാണ് എന്നും ഉമേശൻ മൊഴി നൽകി. മരിച്ചു എന്ന് ഉറപ്പായപ്പോൾ വലിച്ചു കൊണ്ടുവന്നു കടവരാന്തയിൽ ഇട്ടതാണ്. വാഹനം ഇടിച്ചു മരിച്ചതാണെന്ന് കരുതാൻ റോഡരുകിൽ ഉപേക്ഷിക്കാൻ കൊണ്ടുവന്നതാണ്. എന്നാൽ വാഹനങ്ങളുടെ വെളിച്ചത്തിൽ നിന്ന് രക്ഷപ്പെടാൻ വരാന്തയിൽ വലിച്ചിട്ടു ഒന്നും സംഭവിക്കാത്ത പോലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യമാണ് കൊലപാതകത്തിന് തുമ്പ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.