കണ്ണൂർ: രാഷ്ട്രീയ കൊലപാതകത്തിൽ കുപ്രസിദ്ധമായ കണ്ണൂർ വീണ്ടും സംഘർഷഭൂമിയാകുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബോംബാണ് കണ്ണൂരിലെ രാഷ്ട്രീയ ക്രിമിനലുകൾക്ക് പഥ്യം. കഴിഞ്ഞ 23 വർഷത്തിനുള്ളിൽ ജില്ലയിൽ ബോംബ് പൊട്ടിച്ചും, നിർമ്മാണത്തിനിടെയും പരിക്കേറ്റ ആളുകളുടെ കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. കാരണം, ഇത്തരം സന്ദർഭങ്ങളിൽ തങ്ങളുടെ അധീനതയിലുള്ള ആശുപത്രികളിൽ അതീവ രഹസ്യമായി എത്തിച്ച് ചികിത്സ നൽകാറാണ് പതിവ്. ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഈ കാലയളവിൽ 9 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകന്റെ കൈ അറ്റുപോയതാണ് ഒടുവിലത്തെ സംഭവം. പ്രത്യേകിച്ച് പാനൂർ, കതിരൂർ മേഖലകളിലാണ് അപകടങ്ങളും മരണങ്ങളും സംഭവിച്ചത്. മരിച്ച ഒൻപത് പേരിൽ ഏഴും ബി.ജെ.പി പ്രവർത്തകരാണ്. എതിരാളികൾക്ക് നേരെ പ്രയോഗിക്കാനോ, അല്ലെങ്കിൽ സ്വയം രക്ഷയ്ക്ക് വേണ്ടിയോ ആണ് ബോംബ് നിർമ്മിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
വിഷുദിനത്തിൽ അപകടം നടന്ന കതിരൂരിലായിരുന്നു 1998ൽ നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചത്. രേഖപ്പെടുത്തിയതിൽ ആദ്യ സംഭവം ഇതാണ്. രണ്ടുപേരും ബി.ജെ.പി പ്രവർത്തകരായിരുന്നു. തുടർന്ന് 2002ൽ പാനൂരിൽ സെൻട്രൽ പൊയിലൂരിലെ വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. ബി.ജെ.പി പ്രവർത്തകരായ അശ്വിൻകുമാറും സുരേന്ദ്രനും സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. ആർ.എസ്.എസ് പ്രവർത്തകൻ പിണറായി സ്വദേശി ചന്ദ്രൻ മരിച്ചതും ബോംബ് നിർമ്മാണത്തിനിടെയായിരുന്നു. ചെറുവാഞ്ചേരി അത്യാറക്കാവിൽ സ്‌ഫോടനത്തിൽ രണ്ടു പേർ മരിച്ചതും ബി.ജെ.പി പ്രവർത്തകർ തന്നെ.
2015 ജൂണിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച രണ്ടുപേരും സി.പി.എം പ്രവർത്തകരാണ്. പാനൂർ ചെറ്റക്കണ്ടിയിലായിരുന്നു സംഭവം. രണ്ടു പേർ മരിച്ചതിനു പുറമേ, രണ്ടുപേർക്ക് പരുക്കുമേറ്റിരുന്നു. കതിരൂരിൽ സി.പി.എം കേന്ദ്രത്തിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി മൂന്നു സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കതിരൂർ പൊന്ന്യം പാലത്ത് പുഴക്കരയിൽ ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടം. ഒരാളുടെ കൈപ്പത്തി നഷ്ടപ്പെട്ടപ്പോൾ, മറ്റു രണ്ടുപേർക്കു കണ്ണിന് പരിക്കേറ്റു. 2016ൽ തലശ്ശേരി കുട്ടിമാക്കൂലിലും ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്നു.
പരിക്കേറ്റത് സി.പി.എം പ്രവർത്തകർക്ക് തന്നെ. മട്ടന്നൂർ കല്ലൂരിൽ സ്‌ഫോടക 2015ൽ മട്ടന്നൂർ കല്ലൂരിൽ ബോംബ് പൊട്ടിത്തെറിച്ചു ബി.ജെ.പി പ്രവർത്തകൻ നിഖിലിനു പരിക്കേറ്റിരുന്നു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മിക്കുമ്പോഴായിരുന്നു അപകടം. 1999ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സി.പി.എമ്മും ബി.ജെ.പിയും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം വ്യാപകമാക്കിയത്. ഇപ്പോൾ ബോംബ് നിർമ്മിച്ച് കൂട്ടുന്നത് തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനോ, പരാജയമാണെങ്കിൽ എതിരാളികൾക്ക് നേരെ പ്രയോഗിക്കാനോ ആണെന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമ്മാണ കേന്ദ്രങ്ങളെ കുറിച്ച് ജില്ലയിലെ പൊലീസിന് നന്നായി അറിയാമെങ്കിലും നടപടി മാത്രം ഉണ്ടാകാറില്ലെന്നതാണ് അനുഭവം.