mansoor-

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണം ആത്മഹത്യയോ, കൊലപാതകമോ എന്ന് വ്യക്തമാകാതെ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘ ഇരുട്ടിൽ തപ്പുന്നു.

രതീഷിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് കെ. സുധാകരൻ അതിന് തെളിവ് നൽകണമെന്ന് സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വെല്ലുവിളിച്ചിരുന്നു. ലീഗ് സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ രതീഷ് മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സി.പി. എം ആരോപിക്കുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ മാതാവ് പത്മിനി ഡി.ജി.പിക്കും മറ്റും പരാതി നൽകിയിരുന്നു.

രതീഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മൻസൂർ വധക്കേസിൽ അറസ്റ്റിലായ വിപിൻ, ശ്രീരാഗ് എന്നിവർ മൊഴി നൽകിയിരുന്നു. രതീഷിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും ഇവർ പറഞ്ഞിരുന്നു. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മൻസൂർ കേസിൽ പിടിയിലായ പ്രതികളെ സംഘം ചോദ്യം ചെയ്തിരുന്നു. മൂന്നു പേരാണ് രതീഷിനൊപ്പം ഉണ്ടായിരുന്നത്. മറ്റാരും ഒളിയിടത്തിൽ താമസിച്ചതിനു തെളിവില്ലെന്നും അന്വേഷണസംഘം പറഞ്ഞു.

രതീഷിന്റെ ശരീരത്തിലെ പതിനാറ് മുറിവുകൾ എങ്ങനെയുണ്ടായെന്നു ശാസ്ത്രീയമായി പരിശോധിക്കും. കഴുത്ത്, കൈ, വയർ, പാദം, തുട എന്നിവിടങ്ങളിലാണ് പരിക്ക്.പോസ്റ്റ് മോർട്ടം നടത്തിയ സർജനുമായി രണ്ട് തവണ റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ് സാദ്ധ്യതകൾ വിലയിരുത്തിയെങ്കിലും കൊലയാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. രതീഷിന്റെ സുഹൃത്തുക്കളായ അമ്പതോളം പേരെ ചോദ്യം ചെയ്തെങ്കിലും ദുരൂഹത നീക്കുന്ന തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് സൂചന.

ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി മാത്രമേ അന്വേഷണം നടത്താനാവൂ. ഫോറൻസിക് സർജൻമാരുടെയും സയന്റഫിക് വിദഗ്ദ്ധരുടെയും വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാവും തുടർനടപടി. രതീഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ പ്രാദേശിക സഹായം ലഭിച്ചതായി കണ്ടെത്തിയിരുന്നു.

മൻസൂർ വധക്കേസിൽ ഏഴ് പേരെ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.

 വിപിന്റെ മൊഴി വിശ്വസിക്കാമോ?

വളയത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ പ്രാ​ഥ​മി​ക കൃ​ത്യത്തിനെ​ന്ന് പ​റ​ഞ്ഞ് പോയ ര​തീ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയെന്നാണ് ​ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൂ​ട്ടു പ്ര​തി​യു​ടെ മൊ​ഴി. സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​. എസ്. പി വി​ക്ര​മ​ന്റെ സം​ഘം അ​റ​സ്റ്റ് ചെ​യ്ത പെ​രി​ങ്ങ​ളം സ്വദേശി വി​പി​നാ​ണ് (28) പൊ​ലീ​സി​ന് ഈ മൊ​ഴി ന​ൽ​കി​യ​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ശ്രീ​രാ​ഗും ര​തീ​ഷും താ​നും ഒ​രു​മി​ച്ചാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെന്നും വിപിൻ പറഞ്ഞു.