കണ്ണൂർ: ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഫേശ്രീ ഭക്ഷണശാലയിൽ കോർപ്പറേഷൻ നടത്തിയ പരിശോധന കുടുംബശ്രീക്കെതിരായ പകപോക്കലാകരുതെന്ന പ്രതിപക്ഷാരോപണത്തിൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. പ്രതിപക്ഷത്തെ സി.പി.എം കൗൺസിലർ എൻ. സുകന്യയാണ് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ആരോപണമുന്നയിച്ചത്. എല്ലാ ഹോട്ടലുകളിലും ഇതുപോലെ പരിശോധന നടത്തുന്നുണ്ടോയെന്നും പരിശോധനയുടെ കാര്യം ബന്ധപ്പെട്ട കൗൺസിലർമാരെ അറിയിക്കുന്നുണ്ടോയെന്നും സുകന്യ ചോദിച്ചു.

കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ വിശദീകരണം നൽകുന്നത് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളത്തിനിടയാവുകയായിരുന്നു.

ഹെൽത്ത് സൂപ്പർവൈസർ എ.കെ ദാമോദരന്റെ നേതൃത്വത്തിൽ മാർച്ച് 20നാണ് കോർപ്പറേഷനിലെ ഏഴോളം ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശവും പരിശോധനയ്ക്ക് പിന്നിലില്ലെന്ന് ദാമോദരൻ പറഞ്ഞു.

കഫേശ്രീയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. വിവരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറയിക്കുകയും ചെയ്തു. സംഭവത്തിൽ പിഴയീടാക്കാൻ മാത്രമാണ് തീരുമാനിച്ചത്. തുടർന്ന് സ്ഥാപനത്തിലെ മൂന്ന് സ്ത്രീകൾ തന്നെ കാണാൻ വരികയുണ്ടായി. സാധാരണയെടുക്കുന്ന നടപടി മാത്രമേയെടുത്തിട്ടുള്ളൂവെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം കുടുംബശ്രീ ഹോട്ടൽ ജീവനക്കാരായ മൂന്ന് സ്ത്രീകളെ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അപമാനിച്ചുവെന്ന് കേസ് കൊടുക്കുകയാണുണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നി‌ർദ്ദേശപ്രകാരമാണ് കേസ് കൊടുത്തതെന്നാണ് ജീവനക്കാർ പറഞ്ഞതെന്നും ഹെൽത്ത് സൂപ്പർ വൈസർ പറഞ്ഞു. കോർപ്പറേഷനിലെ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ധ്യക്ഷൻ മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ടി. രവീന്ദ്രൻ, പി.കെ രാഗേഷ്, സുരേഷ് ബാബു എളയാവൂർ എന്നിവരും സംസാരിച്ചു. പെട്ടിക്കടകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ശക്തമായ നടപടിയെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി

കോർപ്പറേഷൻ പരിധിയിൽ കൊവിഡ് നിരക്ക് 6.95 ശതമാനം. രോഗ വ്യാപനം കുറയ്ക്കാൻ കോർപ്പറേഷൻ തല മോണിറ്ററിംഗ് കമ്മിറ്റി പുനർജീവിപ്പിച്ചു. മേയർ ചെയർമാനായ കമ്മിറ്റിയിൽ എം.പി, എം.എൽ.എമാർ അല്ലെങ്കിൽ ഇവരുടെ പ്രതിനിധി, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ഉൾപ്പെടുന്നു. വിദേശത്ത് നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമെത്തുന്നവരുടെ ക്വാറന്റീൻ ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

‌ഡി. സാജു, കോർപ്പറേഷൻ സെക്രട്ടറി

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കൃത്യമായ കോ-ഓർഡിനേഷൻ നടക്കുന്നില്ല. പലകാര്യങ്ങളും കമ്മിറ്റി അംഗങ്ങളെ അറിയിക്കുന്നില്ല.

എസ്. ഷഹീദ, കൗൺസിലർ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേറെ പണിയൊന്നുമില്ലേ. ഒരു ഉദ്യോഗസ്ഥനെ മാനസികമായി തളർത്തുന്ന നടപടി ഉണ്ടാകാൻ പാടില്ല.

മാർട്ടിൻ ജോർജ്ജ്,​ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ