കണ്ണൂർ : ജോൺ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലെത്തുമെന്നുറപ്പായതോടെ ഇന്ത്യയുടെ ഉപരിസഭയിൽ കണ്ണൂരിന് നാല് പ്രതിനിധികളാകും. സംസ്ഥാനത്ത് ഇടതുമുന്നണി ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർത്ഥിപട്ടികയിലുള്ള ജോൺബ്രിട്ടാസ് തളിപ്പറമ്പ് കുടിയാന്മല പുലിക്കുരുമ്പ സ്വദേശിയും ശിവദാസൻ പേരാവൂർ മുഴക്കുന്ന് സ്വദേശിയുമാണ്.
മുഖ്യമന്ത്രിയുടെ മുൻ മാദ്ധ്യമ ഉപദേഷ്ടാവും കൈരളി ടി.വി എം.ഡിയുമാണ് ബ്രിട്ടാസ്. ബാബറി മസ്ജിദ് പൊളിക്കുന്നതും ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും മാദ്ധ്യമ രംഗത്ത് ശ്രദ്ധേയനായി. അമേരിക്ക- ഇറാഖ് യുദ്ധം നടക്കുമ്പോൾ കൈരളി ടി.വിക്ക് വേണ്ടി ഇറാഖിൽ പോയി റിപ്പോർട്ട് ചെയ്തു.
കണ്ണൂർ ജില്ലയിലെ നടുവിൽ ബാങ്ക് സ്ഥാപക സെക്രട്ടറിയും ഡയറക്ടറുമായ പുലിക്കുരുമ്പയിലെ പൈലിയുടെയും അന്നമ്മയുടെയും മകനാണ് ജോൺ ബ്രിട്ടാസ്. സ്കൂൾ വിദ്യാഭ്യാസം ഏഴാം ക്ലാസ് വരെ പുലിക്കുരുമ്പ യു.പി സ്കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, പയ്യന്നൂർ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം.റെയിൽവേ യിൽ ഉദ്യോഗസ്ഥയായ ഷീബയാണ് ഭാര്യ.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഡോ. വി. ശിവദാസൻ നിലവിൽ സി.പി .എം സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.ഇ.ബി അനൗദ്യോഗിക അംഗവുമായി പ്രവർത്തിക്കുന്നു. എസ്.എഫ്.ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായിരിക്കേ മട്ടന്നൂർ പി.ആർ.എൻ.എസ്..എസ് കോളേജിൽനിന്ന് ബി.എ ചരിത്രത്തിൽ ഒന്നാം റാങ്ക്. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. ‘കേരളത്തിലെ കാർഷിക പ്രശ്നങ്ങളിൽ മാദ്ധ്യമങ്ങളും സാഹിത്യവും വഹിച്ച പങ്ക്' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. മുഴക്കുന്നിലെ കർഷകത്തൊഴിലാളി പരേതനായ വിളക്കോട് പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും ഏകമകനാണ്. ഭാര്യ:അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഷഹന വൽസനാണ് ഭാര്യ. രണ്ട് മക്കൾ
കേന്ദ്രമന്ത്രി വി. മുരളീധരൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ.സി.. വേണുഗോപാൽ എന്നിവരാണ് രാജ്യസഭയിലെ മറ്റു കണ്ണൂർ സ്വദേശികൾ. മുരളീധരൻ തലശേരി കൊളശേരി വാടിയിൽപീടിക സ്വദേശിയാണ്. കെ.സി. വേണുഗോപാൽ പയ്യന്നൂർ മാതമംഗലം സ്വദേശിയും.വേണുഗോപാൽ രാജസ്ഥാനിൽ നിന്നും മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുമാണ് രാജ്യസഭയിലെത്തിയത്. നേരത്തെ പാർലമെന്റിലെ ഒരേയൊരു ആംഗ്ളോ ഇന്ത്യൻ പ്രതിനിധി തലശേരി സ്വദേശി റിച്ചാർഡ് ഹെയായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ ആംഗ്ളോ ഇന്ത്യൻ സംവരണം ഇല്ലാതായി.
നിലവിൽ ലോക് സഭാംഗം കെ.. സുധാകരനു പുറമെ കോഴിക്കോട് എം.പി എം.കെ. രാഘവനും വടകര എം.പി കെ.. മുരളീധരനും കണ്ണൂർക്കാരാണ്.