നീലേശ്വരം: ഇടത്തോട് റോഡിൽ വരുന്ന മഴക്കാലത്തും യാത്രക്കാർ ദുരിതംപേറണം. രണ്ടു വർഷം മുമ്പാണ് നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗിനായി കരാർ നല്കിയത്. എന്നാൽ പ്രവൃത്തി ആരംഭിക്കാതെ റോഡ് പൊട്ടിപൊളിഞ്ഞ സ്ഥിതിയിൽ തന്നെയാണ്. മഴയ്ക്ക് മുന്നേയൊന്നും പണി നടക്കുന്ന സ്ഥിതിയിലല്ല.

ചോയ്യങ്കോട് മുതൽ ഇടത്തോട് വരെ ഭാഗികമായി റോഡ് മെക്കാഡം ടാറിംഗ് ചെയ്തിട്ടുണ്ടെങ്കിലും കോൺവെന്റ് വളവ് മുതൽ ചോയ്യങ്കോട് വരെ മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ പണി തുടങ്ങിയിട്ടില്ല. 40 കോടി രൂപ എസ്റ്റിമേറ്റിലാണ് കാസർകോട്ടെ കരാറുകാരൻ പണി ഏറ്റെടുത്തിട്ടുള്ളത്.

10 കോടി 80 ലക്ഷം രൂപ കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടിയാണ്. റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി അറ്റകുറ്റപണി ചെയ്തിട്ടില്ല. ഇതാണ് റോഡിന്റെ സ്ഥിതി കൂടുതൽ മോശമാക്കിയത്.

ഇപ്പോൾ കരാറുകാരൻ റോഡ് ഓട്ടയടക്കാൻ വേണ്ടി മെറ്റൽ കൊണ്ടിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിലവിലുള്ള ഭരണം മാറുകയാണെങ്കിൽ വീണ്ടും എസ്റ്റിമേറ്റ് മാറ്റിയെടുക്കാനുള്ള ശ്രമമാണെന്നും പറയുന്നു. ഇതിന് പൊതുമരാമത്ത് അധികൃതരുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. ചായ്യോം ബസാർ, പുത്തരിയടുക്കം, പൂവാലം കൈ എന്നീ സ്ഥലങ്ങളിൽ റോഡ് പൊട്ടിപൊളിഞ്ഞ് റോഡ് തന്നെ ഇല്ലാതായിരിക്കുകയാണ്.