തലശ്ശേരി: പാനൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതിയും ഡി.വൈ.എഫ്.ഐ പാനൂർ മേഖല ട്രഷററുമായ സുഹൈൽ കോടതിയിൽ കീഴടങ്ങി. നിരപരാധിയാണെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ഇതോടെ മൻസൂർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സുഹൈലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ഫേസ് ബുക്ക് കുറിപ്പിലുണ്ട്. കൊല്ലപ്പെട്ട മൻസൂർ ആത്മമിത്രമാണെന്നും എസ്.എസ്.എഫിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അനുജനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു.നുണപരിശോധനയ്ക്കടക്കം തയ്യാറാണെന്ന് കാട്ടി ഡി.ജി.പിയ്ക്ക് കത്ത് അയച്ചശേഷമായിരുന്നു കീഴടങ്ങൽ.
തിരഞ്ഞെടുപ്പ് ദിവസം എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്റെ വാട്സ് ആപ് സ്റ്റാറ്റസിൽ മുസ്ലിം ലീഗുകാർക്ക് ഈ ദിനം ഒരിക്കലും മറക്കാനാവില്ലെന്ന് സുഹൈൽ പോസ്റ്റിട്ടത് വൻ വിവാദമായിരുന്നു. ചോദ്യം ചെയ്യലിനായി സുഹൈലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
സി.പി.എം പ്രവർത്തകന്റെ കൊല; പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ
11 വർഷത്തിന് ശേഷം പിടിയിൽ
തലശേരി: നങ്ങാറത്ത് പീടികയിലെ സി.പി.എം പ്രവർത്തകൻ ജിജേഷ് വധിക്കപ്പെട്ട കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകനായ പ്രതി 11 വർഷത്തിനു ശേഷം പിടിയിൽ. മാഹി ചെമ്പ്ര പാർവതീ നിവാസിൽ പ്രബീഷ്കുമാറിനെയാണ് (37) കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2008 ലാണ് സി.പി.എം പ്രവർത്തകനായ ജിജേഷ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം പ്രബീഷ് കുമാർ ഗൾഫിലേക്ക് കടന്നു. തുടർന്ന് റെഡ്കോർണർ നോട്ടീസ് ഇട്ട് ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടി.യു.എ.ഇയിൽ വച്ച് ഇന്റർപോൾ ഇയാളെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിൽ വച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.
യുവാവ് ദുരൂഹ സാഹചര്യത്തിൽ
മരിച്ച നിലയിൽ
തിരുവല്ല: നഗരമദ്ധ്യത്തിലെ റോഡരികിൽ യുവാവിന്റെ മൃതദേഹം തലച്ചോറ് ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പുത്തൂപറമ്പിൽ വീട്ടിൽ പരേതനായ വർഗീസ് തോമസിന്റെ മകൻ നെവിൻ തോമസാണ് (35) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. നഗരത്തിലെ പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പക്ഷേ സംഭവത്തെക്കുറിച്ചറിയില്ലെന്ന് ഡ്രൈവർ പറഞ്ഞു.
നഗരത്തിലെ ബാർ ഹോട്ടലിന് മുന്നിൽ നെവിന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്നു. തിരിച്ചറിയൽ കാർഡും ലൈസൻസുമടങ്ങിയ പഴ്സ് ഇതിന് സമീപത്തെ റോഡിലെ പുല്ലിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11ന് വീട്ടിൽ നിന്നിറങ്ങിയ നെവിൻ ബാറിലെത്തി അമിതമായി മദ്യപിച്ചതോടെ ഇവിടെനിന്ന് ഇറക്കിവിട്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ചിലർ വീട്ടിലെത്തി നെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപിച്ച് മാതാവ് അന്നമ്മ തോമസ് (ലില്ലിക്കുട്ടി) കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. വിവാഹബന്ധം വേർപെടുത്തിയ നെവിന് ഒരു മകളുണ്ട്.