കൊവിഡ് വാക്സിൻ എടുക്കാൻ ആളുകൾ മുന്നോട്ടുവരണം
കണ്ണൂർ: ജില്ലയിൽ കൊവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കൊവിഡ് പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കാൻ കളക്ടറേറ്റിൽ ചേർന്ന വിവിധ മതസംഘടനാ പ്രതിനിധികളുടെ യോഗത്തിന്റെ ആഹ്വാനം . മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ വൈറസിന്റെ ആദ്യ തരംഗത്തിൽ പ്രകടിപ്പിച്ച സഹകരണം അതിന്റെ രണ്ടാംവരവിലും കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പള്ളികളിലെയും മറ്റും ഇഫ്ത്താർ വിരുന്നുകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും പ്രാർത്ഥനയ്‌ക്കെത്തുന്നത് നിരുത്സാഹപ്പെടുത്തണം. പ്രാർത്ഥനകൾ, ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ കെട്ടിടങ്ങൾക്കകത്താണെങ്കിൽ പരമാവധി 75 പേരും പുറത്താണെങ്കിൽ 150 പേരുമായിരിക്കണം. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതൽ ഫലപ്രദമാവുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തിൽ സംസാരിച്ച പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്നും വൈറസിന്റെ വ്യാപനം തടയുന്നതിൽ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണമെന്നും .യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എ.ഡി.എം ഇ.പി. മേഴ്സി പറഞ്ഞു.
വാക്സിനെടുത്തവർക്ക് അപൂർവമായി കൊവിഡ് വരാമെങ്കിലും അവരിൽ കാര്യമായ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡോ. ഉസ്മാൻ കുട്ടി പറഞ്ഞു. . കൊവിഡ് വാക്സിൻ ന്യൂട്രീഷൻ അല്ലാത്തതിനാലും പേശിയിൽ കുത്തിവയ്ക്കുന്നതിനാലും നോമ്പ് കാലത്ത് വാക്സിനെടുക്കുന്നതിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഡോ. സുൽഫിക്കർ അലി (കെ.എൻ.എം), എ .കെ. അബ്ദുൾ ബാഖി (എസ്.എം.എഫ്), കെ മുഹമ്മദ് ഷരീഫ് ബാഖവി (സമസ്ത), അബ്ദുൾ ലത്തീഫ് സഅദി, കെ. വി. സലീം, ഹാമിദ് (മുസ്ലീം ജമാഅത്ത്), സ്വാമി ആത്മചൈതന്യ (അഴീക്കോട് ശാന്തിമഠം), തലശ്ശേരി അതിരൂപതാ ബിഷപ്പ് ഫാദർ തോമസ് തെങ്ങുംപള്ളിൽ, ഫാദർ തങ്കച്ചൻ ജോർജ് (ഹോളി ട്രിനിറ്റി കത്തീഡ്രൽ), മുഹമ്മദ് സാജിദ് (ജമാഅത്തെ ഇസ്ലാമി), നിസാർ അതിരകം (എസ് .വൈ. എസ്), ഷഹീർ പാപ്പിനിശ്ശേരി (എസ്.കെ.എസ്.എസ്.എഫ്), കനകരാജ് (ശാന്തി മഠം), മഹേഷ് ചന്ദ്ര ബാലിഗ (ചിൻമയ മിഷൻ), സഹൽ വാഫി, മുഹമ്മദ് ഷമീർ തുടങ്ങിയവർ പങ്കെടുത്തു.
93 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലയിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. ഏപ്രിൽ 30വരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് നടപടി. കോർപറേഷൻ പരിധിയിൽ നാലും മുനിസിപ്പാലിറ്റികളിൽ രണ്ട്, പഞ്ചായത്ത് തലത്തിൽ ഒന്ന് എന്നിങ്ങനെ 93 സെക്ടറൽ മജിസ്‌ട്രേറ്റുമാരെയാണ് നിയമിച്ചത്.