കണ്ണൂർ: പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാദ്ധ്യമപ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്. മാതൃഭൂമി ഡൽഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാൾ.
22-ാം വയസ്സിൽ മാദ്ധ്യമപ്രവർത്തകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം കവർ ചെയ്തത് രാജ്യസഭയാണ്. കൈരളി ടി.വി. എം.ഡിയായി 2003ൽ ഡൽഹി വിടുന്നതുവരെ പാർലമെന്റ് ഗ്യാലറിയിലെ സാന്നിധ്യമായിരുന്നു. പാർലമെന്റ് പ്രസ് പാസും സെൻട്രൽ ഹാൾ പാസും ലോംഗ് ആൻഡ് ഡിസ്റ്റിംഗ്വിഷ് പാസും കൈയിലുണ്ടാകുമ്പോൾ തന്നെയാണ് രാജ്യസഭാ സ്ഥാനാർത്ഥിയാവുന്നത്.
1988 നവംബറിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഇ.കെ.നായനാരോടൊപ്പം പഞ്ചാബിലേക്ക് യാത്ര ചെയ്താണ് ഡൽഹി ഇന്നിംഗ്സ് ആരംഭിക്കുന്നത്.
മലയാളം ടെലിവിഷനിൽ അഭിമുഖത്തിന് തനതായ പാത വെട്ടിത്തെളിച്ച ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷൻ ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ക്വസ്റ്റ്യൻ ടൈം, ക്രോസ് ഫയർ, നമ്മൾ തമ്മിൽ, ഞാൻ മലയാളി തുടങ്ങി നിരവധി സംവാദ പരിപാടികൾക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായി. അക്കാഡമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് “മാദ്ധ്യമ രംഗത്തെ ആഗോളവൽക്കരണ”ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ് നൽകി.
ദേശീയ-സാർവ്വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാർത്താമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇറാക്ക്-അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദിൽ നിന്നും റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായ മാദ്ധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെന്ന പദവിയും ജോൺ ബ്രിട്ടാസിനുള്ളതാണ്.