മട്ടന്നൂർ: വഴിയിൽ വലിച്ചെറിഞ്ഞതും കടകളിൽ നിന്ന് ശേഖരിക്കുന്നതുമായ കടലാസ് മാലിന്യം വിറ്റ് വരുമാനം കണ്ടെത്തി മട്ടന്നൂർ നഗരസഭ. ഇതിനകം 6480 കിലോഗ്രാം കടലാസ് സ്വകാര്യ ഏജൻസികൾക്ക് കൈമാറിക്കഴിഞ്ഞു. 12,960 രൂപയാണ് ഇതുവഴി ലഭിച്ചത്.
ഹരിത കർമസേന, നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ, 'ക്ലീൻ കേരള' കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഏതു തരത്തിലുള്ള തുണ്ടുകടലാസുകളും ശേഖരിക്കും. പിന്നീട് ഇവ പൊറോറ കരിത്തൂർ പറമ്പിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ എത്തിച്ച് ബെയിലിംഗ് മെഷീൻ ഉപയോഗിച്ച് പരത്തി ഷീറ്റ് രൂപത്തിലാക്കും. ഇവ ആക്രി കച്ചവടക്കാർക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് വിൽക്കുന്നത്.
ഫാക്ടറികളിൽ ഈ കടലാസിനെ പൾപ്പ് രൂപത്തിലാക്കി കാർഡ് ബോർഡുണ്ടാക്കാൻ സാധിക്കും. നഗരസഭാദ്ധ്യക്ഷ അനിതാ വേണു, സെക്രട്ടറി എസ്.വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് പാലേരി വീട്ടിൽ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഹരിത കേരള മിഷന്റെ ജില്ലാതല സംഘം ഈയിടെ നഗരസഭയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ, കോഴി മാലിന്യ സംസ്ക്കരണ പ്ലാന്റ് തുടങ്ങിയവ സന്ദർശിച്ചിരുന്നു. വലിച്ചെറിയുന്ന കടലാസ് തുണ്ടുകൾ സംസ്ക്കരിച്ച് വരുമാനമുണ്ടാക്കുന്ന മാതൃക ശ്രദ്ധേയമാണെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ പറഞ്ഞു.