കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കാൾ ലംഘനം നടത്തി മരണത്തിന്റെ വ്യാപാരിയായെന്ന് കെ.സുധാകരൻ എം.പി ഫേസ്ബുക്ക് പോസ്റ്റിൽ അധിക്ഷേപിച്ചു. കൊവിഡ്കാല കേരളത്തെ ഭാവി തലമുറ വിലയിരുത്തുമ്പോൾ പിണറായിക്ക് ചാർത്താൻ ഒരു പേര് കൂടിയുണ്ടാവും, 'മരണത്തിന്റെ വ്യാപാരി'. ഏപ്രിൽ നാലു മുതൽ കൊവിഡ് ലക്ഷണം ഉണ്ടായിരുന്നെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറന്റൈനിൽ പോകാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രവൃത്തി ശരിയാണോ? ആറിന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴകുകയുമുണ്ടായി. രോഗം സ്ഥിരീകരിച്ച ശേഷം കൊവിഡ് നെഗറ്റീവായ ഭാര്യയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് യാത്ര ചെയ്തതിനെ എങ്ങനെയാണ് ന്യായീകരിക്കുകയെന്നും സുധാകരൻ ചോദിക്കുന്നു.