elephant

പയ്യാവൂർ: കൊട്ടിയൂരിലും കേളകത്തും കാട്ടാനകളുടെ വിളയാട്ടം കുറഞ്ഞെങ്കിലും പയ്യാവൂർ കാഞ്ഞിരക്കൊല്ലി മേഖലയിലേക്ക് ഇവ നീങ്ങിയത് വൻഭീഷണിയായി. കൃഷിക്ക് പുറമെ, ജീവനും കൂടി കാട്ടാനയെടുക്കുമോയെന്ന ഭീതിയിലാണ് ഇവിടെ ജനം കഴിയുന്നത്.

രാത്രികാലത്ത് ഇന്നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ. പല ദിവസങ്ങളിലും കൃഷിക്കാർ ആനയുടെ മുന്നിൽനിന്ന് തലനാരിഴയ്‌‌ക്കാണ്‌ രക്ഷപ്പെട്ടിട്ടുള്ളത്. നിരവധി കൃഷിക്കാർ കിട്ടിയ തുകയ്ക്ക് സ്ഥലം വിറ്റ് തങ്ങളുടെ സ്വപ്നഭൂമിയിൽനിന്ന് കുടിയിറങ്ങുകയാണിപ്പോൾ.

കേരള–-കർണാടക വനാതിർത്തിയിലെ വഞ്ചിയം, ആടാംപാറ, കാഞ്ഞിരക്കൊല്ലി, ഏലപ്പാറ, മതിലേരിത്തട്ട്, ചിറ്റാരി, ശാന്തിനഗർ, പാടാം കവല, ഷിമോഗ കോളനി എന്നിവിടങ്ങളിലുള്ളവരാണ് കാട്ടാന ഭീഷണിയിൽ കഴിയുന്നത്. അതിർത്തി പ്രദേശമായതു കൊണ്ട് അധികൃതരുടെ ശ്രദ്ധ ഇവിടെയെത്തുന്നില്ലെന്നും കർഷകർ പരാതി പറയുന്നു. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ നൽകിയ പരാതികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ഗൗനിച്ചിട്ടേയില്ല.

കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ചിറ്റാരി, ഏലപ്പാറ മേഖലകളിൽ കാറ്റിലും മഴയിലും ഇക്കുറി വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വഞ്ചിയത്തും മുന്നൂർ കൊച്ചിയിലും ചീത്തപ്പാറയിലും ഉരുൾപൊട്ടിയും കൃഷി നശിച്ചു. ഇതിനു പുറമെയാണ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ഇറങ്ങി കൃഷിയിടം വെളിമ്പറമ്പാക്കി മാറ്റുന്നത്. ഏക്കറുകളോളം സ്ഥലത്തെ നെല്ല്, കപ്പ, ചേമ്പ്, എന്നീ വിളകളാണ് ആനക്കലിയിൽ നശിക്കുന്നത്. കഴിഞ്ഞ വർഷം ചന്ദനക്കാംപാറ നറുക്കുംചീത്തയിൽ കാട്ടാന കിണറ്റിൽ വീണിരുന്നു.

കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും ഈ മേഖലകളിൽ രൂക്ഷമാണ്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കാറുണ്ട്. വായ്പയെടുത്താണ് ഇവിടെ മിക്ക പേരും കൃഷി ചെയ്യുന്നത്.

വിളവെടുക്കാൻ വിധിയില്ലാതെ

വന്യമൃഗശല്യംകൊണ്ട് കഷ്ടപ്പെടുകയാണ് മലയോരത്തെ ജനങ്ങൾ. എന്തു കൃഷി ചെയ്താലും വിളവെടുക്കാൻ അനുവദിക്കില്ല. ഒന്നുകിൽ ഉരുൾപൊട്ടലോ കാറ്റോ എല്ലാം നശിപ്പിക്കും അല്ലെങ്കിൽ വന്യമൃഗങ്ങൾ അവകാശമെടുക്കും. സ്ഥലം വിൽക്കാൻ വച്ചാലും ആരും വാങ്ങിക്കാൻ തയാറാകുന്നില്ല. കാട്ടാന ശല്യം ഭൂമിയുടെ വിലയും ഇടിച്ചു. എല്ലാം കൂടി ദുരിത നടുവിലാണ് കാഞ്ഞിരക്കൊല്ലിയിലെ കർഷകർ.

വേണം ആനമതിൽ

കർണാടക വനമേഖലയിൽനിന്നാണ്‌ കാട്ടാനക്കൂട്ടം കേരളത്തിലെ ജനവാസമേഖലയിൽ എത്തുന്നത്. റബർ ടാപ്പിംഗ് നടത്തുന്ന മേഖലകളിൽ കാട്ടാനകൾ വിഹരിക്കുന്നതിനാൽ ഇതും നടക്കുന്നില്ല. വനാതിർത്തി മേഖലകളിൽ ആനമതിലോ, ഫെൻസിംഗ് ലൈനുകളോ സ്ഥാപിക്കണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.

തങ്ങളുടെ വേദന കാണാൻ ഇവിടെ ആരുമില്ല. അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ അധികൃതരും ജനപ്രതിനിധികളും ഇവിടെ തിരിഞ്ഞു നോക്കുന്നില്ല. ഓരോ ദിവസവും കാട്ടാനഭീഷണിയിലാണ് കഴിയുന്നത്. വർക്കി , കർഷകൻ