കണ്ണൂർ: ഉയർന്നുവരുന്ന താപനിലയ്ക്കൊപ്പം ജില്ലയിലെ വൈദ്യുതി ഉപഭോഗവും കുത്തനേ കൂടി. ദിവസം ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണുണ്ടാകുന്നത്. സംസ്ഥാനത്ത് 11 ദശലക്ഷം യൂണിറ്റിനും 15 ദശലക്ഷം യൂണിറ്റിനുമിടയിലാണ് ശാരാശരി പ്രതിദിന ഉപഭോഗം. രാത്രി പത്തിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത്. വൈദ്യുതി ബില്ലും ഇതോടെ ആളുകളെ വിഷമത്തിലാക്കുന്നു.
രാത്രിയിൽ ചൂട് കൂടുന്നതോടെ എ.സിയും ഫാനും കൂളറുമുപയോഗിക്കുന്നത് വലിയ തോതിൽ വർദ്ധിച്ചതായി കണക്കാക്കുന്നു. ഇതിന് പുറമെ ചൂട് കനക്കുന്ന ഉച്ചസമയങ്ങളിലും എ.സി, ഫാൻ ഉപയോഗം ക്രമാതീതമായി വദ്ധിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ വർഷങ്ങളിലെ ഇരട്ടി വൈദ്യുതി ഉപഭോഗമാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
ഇത്തവണ ഫെബ്രുവരിയിൽ തന്നെ വൈദ്യുതി ഉപഭോഗം റെക്കാർഡിലേക്കെത്തിയിരുന്നു.
ചൂട് കൂടിയതോടെ ജില്ലയിൽ എട്ട് ശതമാനത്തോളം വീടുകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതായാണ് കണക്ക്. മേയ് അവസാനം വരെ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നത് തുടരുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പ്രതീക്ഷിക്കുന്നത്.
വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് ഉത്പ്പാദനം വർദ്ധിപ്പിക്കാൻ സാധിക്കുന്നില്ലെന്നത് പ്രതിസന്ധിയാണ്. ഉപഭോഗത്തിൽ 96 ശതമാനം വർദ്ധന ഉണ്ടായപ്പോൾ ഉത്പ്പാദനത്തിൽ പത്ത് ശതമാനം വർദ്ധന മാത്രം രേഖപ്പെടുത്തി. അനാവശ്യ ഉപയോഗം ഒഴിവാക്കി വൈദ്യുതി പരമാവധി സൂക്ഷിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.
പ്രതീക്ഷ വേനൽ മഴയിൽ
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലയോരത്തുൾപ്പെടെ പെയ്ത വേനൽ മഴ വൈദ്യുതി ഉപയോഗത്തിൽ ചെറിയ കുറവുണ്ടാക്കി. എന്നാൽ ഇത് എല്ലാദിവസവും ഇല്ല. ഗാർഹിക, കച്ചവട വൈദ്യുതി ഉപഭോഗം കൂടിയത് സബ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിലും സാങ്കേതിക തകരാറുകളുണ്ടാക്കുന്നു.
എ.സിക്ക് പ്രിയമേറി
ചൂടിൽ നിന്ന് രക്ഷതേടി എയർകണ്ടീഷനറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ കൂടിവരികയാണ്. ഇത് വലിയ തോതിൽ വൈദ്യുതി ഉപഭോഗത്തിനും കാരണമാകുന്നുണ്ട്. സീസൺ പ്രയോജനപ്പെടുത്തി ഷോറൂമുകളിൽ എയർകണ്ടീഷനുകൾ പ്രത്യേക സമ്മർ ഒാഫറുകളിലും ഡിസ്കൗണ്ടുകളിലും വിൽക്കുന്നു. കൂളറുകളും ആകർഷകമായ വിലയിൽ ലഭ്യമാണ്.