കാസർകോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഓപ്പറേഷൻ ഗ്രീനിന് കാസർകോട്ടും തുടക്കമായി. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുംവിധം പുക വമിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ട്രിബ്യൂണൽ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ ഗ്രീൻ അവയർനെസ്' എന്ന പേരിൽ പ്രത്യേക വാഹന പരിശോധന നടത്തും.
മേയ് മുതൽ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും. കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ എൻജിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക. കാലപ്പഴക്കം കാരണം എൻജിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക എന്നിവയാണ് നിർദ്ദേശങ്ങൾ. ഭാവിതലമുറയുടെ നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂവെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടി.എം. ജഴ്സൺ നിർദ്ദേശിച്ചു.
പുകപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം
മോട്ടോർ വാഹന ചട്ടം 115 (7) പ്രകാരം എല്ലാ വാഹനങ്ങളിലും ഗവൺമെന്റ് അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചട്ടം 116 (1) അനുസരിച്ച് പി.യു.സി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിന്റെ ആർ.സി. സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്കുണ്ട്.
നിൽപ്പ് യാത്രകൾക്ക് വിലക്ക്
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും നിന്നുള്ള യാത്രയ്ക്ക് വിലക്ക്. പരമാവധി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന കാസർകോട് എൻഫോഴ്സമെന്റ് ആർ.ടി.ഒ. ജഴ്സണിന്റെ നിർദ്ദേശത്തെ തുടർന്ന് ബസ് ജീവനക്കാർക്ക് ബോധവത്കരണം നടത്തി.