പാനൂർ: മയൂരാസനത്തിൽ മൊകേരി സ്വദേശി 19കാരനായ സോജി പവിത്രൻ ലോക ഗിന്നസ് റിക്കാർഡ് ഭേദിച്ചു. മൂന്നു മിനുട്ടും 23 സെക്കൻഡും മയൂരാസനത്തിൽ നിന്നാണ് പുതിയ റിക്കാർഡ് നേടിയത്. കർണ്ണാടക സ്വദേശി വിജേഷിന്റെ പേരിലുണ്ടായിരുന്ന മൂന്നു മിനുട്ടും അഞ്ചും സെക്കൻഡും എന്ന റിക്കാർഡാണ് സോജി മറികടന്നത്.
കേരള സ്‌പോർട്സ് കൗൺസിൽ യോഗ കോച്ച് കെ.ടി കൃഷ്ണദാസാണ് സോജിക്ക് വേണ്ട മാർഗനിർദ്ദേശം നല്കിയത്. ഗിന്നസ് വേൾഡ് റിക്കാർഡ് സൈറ്റിൽ അയച്ചുകൊടുത്ത് മാസങ്ങൾ കാത്തുനിന്നതിനു ശേഷമാണ് പുതിയ റിക്കാർഡ് നേടിയ വിവരം സോജിക്ക് ലഭിച്ചത്.
മൊകേരി ദേശീയ വായനശാലയ്ക്ക് സമീപത്തെ ചമ്പടത്ത് സി.എം പവിത്രന്റെയും ഷീജയുടെയും മകനായ സോജി കോയമ്പത്തൂരിൽ ബി.ടെക് വിദ്യാർത്ഥിയാണ്. സോനു പവിത്രൻ, ഗൗതം പവിത്രൻ എന്നിവർ സഹോദരങ്ങളാണ്. റിക്കാർഡ് നേടിയ സോജി പവിത്രനെ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രനും സെക്രട്ടറി ഷിനിത്ത് പാട്യവും അനുമോദിച്ചു.
കഠിനപ്രയത്നത്തിലൂടെയാണ് കൊവിഡ് കാലത്ത് മനസ്സിൽ ദീർഘകാലമായി സൂക്ഷിച്ച നേട്ടത്തിലേക്കെത്തിയത്
സോജി പവിത്രൻ