കാഞ്ഞങ്ങാട്: അജാനൂർ ഇട്ടമ്മൽ ചാലിന്നായിലെ എം.വി റാസിഖിന് വീട് നിർമ്മിക്കുന്നതിനായി പണിത തറ പൊളിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സംഭവത്തിൽ അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റാസിഖിന്റെ പരാതിയിൽ പറയുന്നു. കൊളവയൽ ഇട്ടമ്മലിലെ ലിബിൻ, സുജിത്ത് കിട്ടു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസ്. റാസിറഖിനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാൻ വൈകിയതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ചു കൊടി നാട്ടിയതായാണ് ആരോപണം ഉയർന്നത്. എന്നാൽ ചുറ്റും പച്ചക്കറി കൃഷിയെടുക്കുന്ന വയലിന്റെ നടുവിലാണ് വീടു പണിയുന്നതെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശം നികത്തുന്നതിലാണ് പ്രതിഷേധമുയർന്നതെന്നും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വിപിൻ കാറ്റാടി പറയുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പരാതിയേറ്റെടുത്ത് പഞ്ചായത്തിൽ പരാതി നല്കുക മാത്രമാണ് ചെയ്തതെന്നും വിപിൻ പറഞ്ഞു.