കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിന്റെ പണി അന്തിമ ഘട്ടത്തിൽ. പാളത്തിനു മുകളിലെ ഗർഡർ സ്ഥാപിക്കുന്ന ജോലി ഇന്നലെ രാവിലെ ആരംഭിച്ച് ഉച്ചയോടെ പൂർത്തിയായി. ഗർഡറുകൾ ഉയർത്തുന്നതിനായി മുന്നൂറ് ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള ക്രെയിൻ കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച സ്ഥലത്ത് എത്തിച്ചിരുന്നു.
18 ടൺ വീതമുള്ള ആറ് ഗർഡറുകളാണ് പാളത്തിന് ഇരു ഭാഗങ്ങളിലുമായുള്ള തൂണിനു മുകളിൽ സ്ഥാപിക്കുന്നത് . പിന്നീട് ഡക്ക്ഷീറ്റ് വിരിച്ച് അതിനു മുകളിൽ കോൺക്രീറ്റു ചെയ്യും. രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ റെയിൽവേ വൈദ്യുതി ഓഫ് ചെയ്തു കൊണ്ടാണ് ജോലികൾ തുടങ്ങിയത്. ക്രെയിൻ പണിയെടുക്കുന്നിടത്ത് 150 ലോഡ് മണ്ണിട്ട് നികത്തി നിലം ബലപ്പെടുത്തി ചതുപ്പിൽ താഴാതിരിക്കാനാണിതെന്നു കരാറുകാരൻ സി.എക്‌സ് വർഗീസ് പറഞ്ഞു. ഗർഡർ എടുത്ത് ക്രെയിൻ ഉയരുന്നത് കാണാൻ പരിസരത്ത് നിരവധി ആളുകൾ എത്തിയിരുന്നു.
റെയിൽവേ ഡെപ്യൂട്ടി എൻജിനിയർ സോമസുന്ദരൻ ജയശങ്കർ, അസിസ്റ്റന്റ് എൻജിനിയർ അബ്ദുൾ അസീസ്, ഡിവിഷൻ സിനിയർ സെക്ഷൻ എൻജിനിയർ (ബ്രിഡ്ജ് ) പ്രഭിത്ത് ജയപ്രസാദ്, സീനിയർ സെക്ഷൻ എൻജിനിയർ (വർക്‌സ്) എൻ.സി. മനോഹരൻ, സൈറ്റ് എൻജിനീയർ അഭീപ് രാവണേശ്വരം എന്നിവരുടെ നേതൃത്വത്തിലാണ് ഗർഡർ സ്ഥാപിച്ചത്.
ഓവർബ്രിഡ്ജ് ആക്ഷൻ കമ്മിറ്റി കൺവീനർ, എ.ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലാം എന്നിവരും സംബന്ധിച്ചു. മേൽപ്പാലത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. ഓണത്തിന് മുമ്പ് പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.