കാസർകോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റില്ലാതെ കാസർകോട്ടെ ടൗണുകളിൽ പ്രവേശനമില്ലെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം ജനങ്ങൾക്ക് ദുരിതമാകും. സംസ്ഥാനം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന കാലത്താണ്, അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നതെന്നാണ് പരക്കെ ആക്ഷേപം.
അതേസമയം, കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത 24ന് രാവിലെ മുതൽ കർശനമായി നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഈ തീരുമാനം കൈക്കൊണ്ടത്
ഓൺലൈനിൽ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗംചേർന്നത്. 14 ദിവസത്തിനുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിച്ചാൽ മതിയെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.
ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. നോമ്പ് കാലമായതിനാൽ ഈ തീരുമാനം തങ്ങൾക്ക് കടുത്ത ദുരിതമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
നഗരകവാടങ്ങളടച്ച് പരിശോധന
ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള, ഉപ്പള നഗരങ്ങളിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഈ ടൗണുകളിൽ രണ്ട് വശത്തും പൊലീസ് ബാരിക്കേഡ് വച്ച് പരിശോധന നടത്തും. കൊവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുകയും ചെയ്യും.
ജില്ലാ കളക്ടർക്കെതിരെ മുസ്ലിംലീഗ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യവും മറ്റും ഏർപ്പെടുത്തുന്നതിനു പകരം ജനങ്ങളുടെ മേൽ അധികാരം അടിച്ചേൽപ്പിക്കാനും അവരുടെ സഞ്ചാര സ്വ3തന്ത്ര്യം തടയാനുമാണ് ജില്ലാ കളക്ടർ ശ്രമിക്കുന്നതെന്ന് മുസ്ലി ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ പറഞ്ഞു.
ചീഫ് സെക്രട്ടറിയേക്കാൾ വലിയ ഉദ്യോഗസ്ഥനെന്ന മട്ടിൽ കളക്ടർ ജില്ലയിലെ വ്യാപാര മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നത്
ജില്ലയിലാകെ അപ്രഖ്യാപിത കർഫ്യൂ നടപ്പിലാക്കിയിരിക്കുകയാണ്. രാജ്യത്ത് മറ്റൊരു സ്ഥലത്തുമില്ലാത്ത രീതിയിൽ തീർത്തും പ്രായോഗികമല്ലാത്ത നിബന്ധനകൾ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വ്യക്തത വരുത്തണം: മന്ത്രി ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം തടയാനുള്ള നടപടികളിൽ ജനങ്ങൾക്കിടയിലുണ്ടായ ആശങ്കയും അവ്യക്തതയും പരിഗണിച്ച് കൂടുതൽ പരിശോധനയും വ്യക്തതയും വരുത്താൻ സംസ്ഥാന ദുരന്ത നിവാരണ കമ്മീഷൻ സെക്രട്ടറിക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശം നൽകി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും കൂടിയാലോചിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ ഉതകുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നീലേശ്വരത്ത് പരിശോധന തുടങ്ങി
നീലേശ്വരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്. നഗരത്തിൽ പ്രവേശിക്കുന്നതിന് കൊവിഡ് രഹിത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ദുരന്തനിവാരണകമ്മിറ്റിയുടെ തീരുമാനം 24 മുതൽ മാത്രമെ കർശനമാക്കുകയുള്ളുവെന്ന് പ്രഖ്യാപനം വരും മുമ്പെയാണ് നീലേശ്വരത്തെ പൊലീസ് നടപടി. ഇന്നലെ രാവിലെ മുതൽ തന്നെ മാർക്കറ്റ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് പരിശോധന തുടങ്ങിയത്. ഇന്നലെ വാഹനങ്ങൾ പരിശോധിച്ച് എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ നീലേശ്വരം താലൂക്ക് ആശുപത്രി, കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ കൊവിഡ് പരിശോധനയ്ക്കും വാക്സിൻ കുത്തിവയ്പ്പിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.