കാഞ്ഞങ്ങാട്: റെയിൽവേ ഗേറ്റിനടുത്ത് അപകടകരമായി നിൽക്കുന്ന മരത്തിന്റെ കൊമ്പുകൾ വീണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലർക്ക് മുസ്തഫക്ക് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞു തിരികെ വീട്ടിൽ പോകവേ, ഇദ്ദേഹം യാത്ര ചെയ്ത ബൈക്കിൽ മരക്കൊമ്പുകൾ പൊടുന്നനെ അടർന്നു വീഴുകയായിരുന്നു. നട്ടെല്ലിനാണ് മുസ്തഫയ്ക്ക് പരിക്കേറ്റിട്ടുള്ളത്. ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

നട്ടെല്ലിനു മാരകമായി പരിക്കേറ്റ മുസ്തഫയുടെ കഴുത്തിനുതാഴെ പൂർണമായും തളർന്ന അവസ്ഥയിലാണ്. ജീവനക്കാരന് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു ബന്ധപ്പെട്ടവർ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.