ചീമേനി: ഏറെ കൊട്ടിഘോഷിച്ച ചീമേനി ഐ.ടി പാർക്കും വ്യവസായ പാർക്കും ഇനി യാഥാർത്ഥ്യമാകുമോയെന്ന കാര്യത്തിൽ നാട്ടുകാർക്ക് സംശയമായി. നിർദ്ദിഷ്ട പദ്ധതിയുടെ സ്ഥലത്തിന് മതിൽ നിർമ്മിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെങ്കിലും പ്രദേശം കാട് മൂടി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ഉൾപ്പെടെ വിഹാര കേന്ദ്രമായ ഇവിടെ സാമൂഹ്യവിരുദ്ധരും താവളമടിക്കുന്നത് പ്രദേശവാസികൾക്ക് ശല്യമായിരിക്കുകയാണ്.
ചുറ്റുമതിലിന്റെ കവാടം തകർത്ത് പകൽ സമയത്തു പോലും ഇവിടെ സമൂഹ്യവിരുദ്ധർ വിലസുകയാണെന്നാണ് പറയുന്നത്. ഐ.ടി പാർക്കിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ തറയിലെ കോൺക്രീറ്റ് കമ്പികൾ തുരുമ്പെടുത്തു നശിക്കുകയാണ്. കെട്ടിടം നിർമ്മിക്കാൻ കൊണ്ടുവന്ന ടൺ കണക്കിന് ഇരുമ്പ് കമ്പികൾ കാടുകയറിയ നിലയിലാണ്.
2010 ലാണ് ചീമേനിയിൽ ഐ.ടി പാർക്കിന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ തറക്കല്ലിട്ടത്. ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു. 100 ഏക്കർ സ്ഥലത്ത് അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് നേരത്തെ ചുറ്റുമതിലും കെട്ടിട നിർമ്മാണത്തിനുള്ള അടിത്തറയും നിർമ്മിച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ ഐ.ടി പാർക്കുകൾക്ക് സാദ്ധ്യതയില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തദ്ദേശീയ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുംവിധം വ്യവസായ പാർക്ക് എന്ന ആശയം മുന്നോട്ടുവന്നത്.
125 ഏക്കർ സ്ഥലം
ചീമേനി-പയ്യന്നൂർ റോഡിൽ അനുവദിച്ച 125 ഏക്കർ സ്ഥലത്താണ് വ്യവസായ പാർക്ക് ഒരുക്കാൻ പദ്ധതിയിട്ടത്. ഐ.ടി പാർക്കിന് വേണ്ടി ചുറ്റുമതിലടക്കമുള്ള പ്രവൃത്തി തുടങ്ങിയെങ്കിലും ഐ.ടി പാർക്ക് നഷ്ടമായതോടെ വ്യവസായ പാർക്കിന് വേണ്ടി ഈ സ്ഥലം കൈമാറാൻ ധാരണയായി. കഴിഞ്ഞ ബഡ്ജറ്റിൽ 20 കോടി രൂപ വ്യവസായ പാർക്ക് ആരംഭിക്കാൻ ലഭിച്ചിരുന്നു. ജില്ലയുടെ കാർഷിക മേഖലയുടെ അഭിവൃദ്ധി മുൻനിർത്തി കൊണ്ടുള്ള പദ്ധതികളാണ് ലക്ഷ്യമിട്ടത്.
20 വർഷത്തിനിടയിൽ മാറി മാറി വന്ന സർക്കാരുകൾ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും വന്നില്ല. 2016 ൽ ഇടതുസർക്കാർ വന്നപ്പോൾ കയ്യൂർ ചീമേനിയിൽ നിരവധി പദ്ധതികൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. ഇനി പുതിയ സർക്കാരിലാണ് വ്യവസായ പാർക്കിനായുള്ള പ്രതീക്ഷ.
അബ്ദുൽ ഖാദർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,
വ്യാപാരി വ്യവസായി ഏകോപന സമിതി.
ചീമേനിയിലെ വ്യാപാരി