തൃക്കരിപ്പൂർ: നിർമ്മാണം മുടങ്ങി ആറു വർഷമായ വലിയപറമ്പ റോഡ് പ്രവൃത്തി ഇന്ന് പുനഃരാരംഭിക്കും. നാട്ടുകാരുടെ പ്രതിഷേധത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്റെ ശക്തമായ ഇടപെടലിലൂടെയാണ് മുടങ്ങിക്കിടന്ന റോഡിന്റെ പ്രവൃത്തി പുനഃരാരംഭിക്കാൻ നടപടി ആയത്. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ നിർമ്മാണമാരംഭിച്ച് പാതിവഴിയിൽ പ്രവൃത്തി നിലയ്ക്കുകയായിരുന്നു.
വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഇന്നലെ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇന്നു തന്നെ നിർമ്മാണം പുനഃരാരംഭിക്കാൻ തീരുമാനമായത്. പൊട്ടി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ പടന്നക്കടപ്പുറം മുതൽ വലിയപറമ്പ പാലം വരെയുള്ള റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മുതൽ വലിയപറമ്പ ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭമാരംഭിച്ചിരുന്നു. വലിയപറമ്പ പാലം മുതൽ പടന്നക്കടപ്പുറം ഹൈസ്കൂൾ വരെ 2.30 കിലോമീറ്റർ റീ ടാറിംഗും തൃക്കരിപ്പൂർ കടപ്പുറം-തയ്യിൽ നോർത്ത് കടപ്പുറം വരെ മൂന്നു കിലോമീറ്റർ പുതിയ റോഡുമാണ് 2014ൽ പ്രവൃത്തി ആരംഭിച്ചത്.
3.80 കോടി രൂപ നിർമാണ ചെലവുള്ള പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായാണ് കരാറെങ്കിലും പണി ആറു വർഷത്തോളമായിട്ടും പൂർത്തിയായില്ല. പലതവണ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവസാനമായി കഴിഞ്ഞദിവസം ഓട്ടോ തൊഴിലാളികൾ സർവ്വീസ് നിർത്തിവച്ച് പ്രതിഷേധം കടുപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ മുന്നോട്ടുവന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്
പിടിമുറുക്കി
റോഡ് പ്രവൃത്തി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലല്ലെങ്കിലും നാട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതം പരിഗണിച്ച് തിരുവനന്തപുരത്തുള്ള അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിരവധി തവണ ബന്ധപ്പെട്ടു. അവസാനമായി കഴിഞ്ഞ ദിവസം നിരാഹാര മടക്കമുള്ള നിലപാട് സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തറപ്പിച്ചു പറഞ്ഞതോടെയാണ് പി.എം.എസ്.വൈ എൻജിനീയർമാർ ഇന്നലെ വലിയപറമ്പയിലെത്തിയത്. ചീഫ് എൻജിനീയർ കെ.ജി.സന്ദീപ്, എക്സി. എൻജിനീയർ പി.പി. രമേശൻ, അസി. എക്സി. എൻജിനീയർ ഉമേഷ് എന്നിവരോടൊപ്പം കരാറുകാരനും ഇന്നലെ പഞ്ചായത്ത് പ്രസിഡന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തു.