umesh-gouda-
അറസ്റ്റിലായ പ്രതി ഉമേഷ് ഗൗഡ

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളം പള്ളിക്കടുത്ത കടവരാന്തയിൽ 45 കാരനായ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കാവൽക്കാരനും കർണ്ണാടക നാഗൂർ നർസാപൂർ സ്വദേശിയുമായ ഉമേഷ് ഗൗഡ (36) യെ ആണ് ബേക്കൽ ഡിവൈ.എസ്.പി കെ.എം ബിജു, സി.ഐ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആണി തറച്ച പട്ടിക കൊണ്ടുള്ള അടിയേറ്റ് വാരിയെല്ല് തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. അറസ്സിലായ പ്രതിയെ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

കാസർകോട് നിന്ന് ഒപ്പം കൂടിയ കർണ്ണാടക സ്വദേശി മദ്യപിച്ച് ബഹളം വച്ചപ്പോൾ അടിച്ചെന്നാണ് പ്രതി ഉമേഷ് പൊലീസിന് നൽകിയ മൊഴി. കാസർകോട് നിന്ന് ഇരുവരും ഒരുമിച്ചു വന്നതാണെന്ന് ഇവർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ കണ്ടക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ പറയുന്ന കാരണങ്ങൾ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കൊല്ലപ്പെട്ട കർണ്ണാടക സ്വദേശിയെ ഇതുവരെയും തിരിച്ചറിയാൻ കഴിയാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബേക്കൽ പൊലീസ് കോട്ടിക്കുളത്തെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ബന്ധുക്കൾ ആരും മരിച്ചയാളെ അന്വേഷിച്ച് എത്തിയിട്ടില്ല. കഴിഞ്ഞ 15 ന് രാവിലെയാണ് കർണ്ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കോട്ടിക്കുളത്തെ കടവരാന്തയിൽ കണ്ടെത്തിയത്.