കാസർകോട്: ജില്ലയിൽ 333 പേർക്കു കൂടി കൊവിഡ്19 പോസിറ്റീവായി. അതേസമയം ചികിത്സയിലുണ്ടായിരുന്ന 175 പേർക്ക് രോഗം ഭേദമായി. നിലവിൽ 3619 പേരാണ് ചികിത്സയിലുള്ളത്.
വീടുകളിൽ 9272 പേരും സ്ഥാപനങ്ങളിൽ 667 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9939 പേരാണ്. പുതിയതായി 1285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2805 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1300 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 36,750 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32,806 പേർ രോഗമുക്തരായി.
8321 പേർ ടെസ്റ്റിന് വിധേയരായി
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ മെഗാ ടെസ്റ്റിംഗ് ഡ്രൈവിൽ 8321 പേർ ടെസ്റ്റിന് വിധേയരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇതിൽ 4235 പേരിൽ ആർ.ടി.പി.സി.ആർ പരിശോധനയും 4034 പേരിൽ ആന്റിജൻ പരിശോധനയുമാണ് നടത്തിയത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ലാബുകൾ, കൂടാതെ മടക്കര, അഴിക്കര ഹാർബറുകൾ, പടന്നക്കാട് ഇ. എം.എസ് ക്ലബ് എന്നിവിടങ്ങിൽ ഒരുക്കിയ മൊബൈൽ ബൂത്തുകളിലൂടെയുമായാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയും കൂടുതൽ പേരിൽ കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.