തൃക്കരിപ്പൂർ: കൊവിഡ് ടെസ്റ്റിനും വാക്സിനേഷനുമായി കൂടുതൽ പേർ ആശുപത്രികളിലെത്തുന്നത് തിരക്കിനിടയാക്കുന്നു. വാക്സിൻ ക്ഷാമമെന്ന വാർത്ത വന്നതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ ആശുപത്രികളിലെത്താൻ തുടങ്ങിയത്. തങ്കയത്തുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൊവിഡ് ടെസ്റ്റും വാക്സിനേഷനും ലഭിക്കുന്നത്. ഇവിടങ്ങളിൽ പരിശോധിക്കാനെത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്.
നൂറിലേറെ ആളുകളാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ പരിശോധനക്കെത്തിയത്. ടോക്കൺ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. രോഗം ഉള്ളവരും ഇല്ലാത്തവരും ഇവിടെ കൂടിച്ചേരുമ്പോൾ രോഗവ്യാപന സാദ്ധ്യത കൂടുന്നതായി ആക്ഷേപമുണ്ട്. പരിശോധനക്കെത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ വളണ്ടിയർമാരെ നിയമിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസിന് ഉൾപ്പെടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും തിരക്ക് വർദ്ധിക്കുന്നതിന് കാരണമായി. പൊതുപരിപാടികളിൽ നിയന്ത്രണമില്ലാതിരുന്നത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ കാരണമായിട്ടുണ്ട്. 50 ഓളം അദ്ധ്യാപകർ മാഷ് ഡ്യൂട്ടിയിലുണ്ടെങ്കിലും പലരും സജീവമല്ലെന്ന ആക്ഷേപവുമുണ്ട്. കടകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും മാസ്ക് ശരിയായി ധരിക്കാറുമില്ല.