കണ്ണൂർ: നഗരത്തിൽ കറങ്ങി നടക്കുന്നവർക്കെതിരെ ഇന്നു മുതൽ നടപടി കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു. രാത്രി കാലങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവരെ പിടികൂടാൻ പ്രത്യേക സംവിധാനവുമുണ്ട്.ഇവർക്കെതിരെ ഇന്ന് മുതൽ പൊലീസ് കേസെടുക്കും. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും.
നഗരത്തിൽ ചെക്ക് പോസ്റ്റുകൾ
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചായിരിക്കും പരിശോധന. കൂടാതെ രാത്രികാല വാഹന പരിശോധനയും ശക്തമാക്കും. കടകളും ടർഫ് കോർട്ടുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവു. ഒൻപതിനു ശേഷം പ്രവർത്തിക്കുന്ന കടകൾക്കെതിരെ പിഴ ഈടാക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് ഉറപ്പുവരുത്തും. പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും. രാത്രികാലങ്ങളിലും മറ്റും അനാവശ്യമായി ബൈക്കിൽ കറങ്ങുന്നവരിൽ നിന്നും പിഴ ഈടാക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും വൈകുന്നേരം ഏഴിനു ശേഷം പ്രവേശനമുണ്ടായിരിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കാനാണ് പൊലീസ് തീരുമാനം.
തളിപ്പറമ്പിൽ കർശന നിയന്ത്രണം
തളിപ്പറമ്പ്: കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തളിപ്പറമ്പ് പൊലീസ് ബോധവത്കരണം നടത്തി.
രണ്ടു പേരടങ്ങുന്ന സംഘങ്ങളായാണ് പൊലീസ് ബസ്സ്റ്റാൻഡ്, മെയിൻ റോഡ്, മാർക്കറ്റ് റോഡ്, ദേശീയ പാത എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽബോധവത്കരണം നടത്തിയത്.
കടയുടമയുടെ വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ജീവനക്കാർ സാമൂഹിക അകലം പാലിച്ച് കൃത്യമായി സാനിറ്റൈസർ ഉപയോഗിച്ച് മാസ്ക് ധരിച്ചു തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തും. സാമ്പത്തിക ഇടപാട് നടത്തുന്ന ഭൂരിഭാഗം സ്ഥാപനങ്ങളിലും നേരത്തേ ഉണ്ടായിരുന്ന മുൻകരുതൽ പാലിക്കുന്നില്ലെന്നതിനാൽ കൈയുറകൾ ധരിക്കാനും കൃത്യമായി സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം നടത്താനും കർശന നിർദ്ദേശം നൽകുന്നുണ്ടെന്ന് ബോധവത്കരണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.