yusaf
മയ്യഴിപ്പുഴയിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന എ.വി.യൂസഫ്

മാഹി: മാഹി സി.എച്ച് സെന്ററിന്റെ പ്രസിഡന്റായ എ.വി. യൂസഫിന് ഇതൊക്കെ ജീവിത നിയോഗം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ജീവകാരുണ്യ പ്രവർത്തകൻ സംസ്‌കരിച്ചത് കൊവിഡ് ബാധിച്ച് മരിച്ച 18 പേരുടെ മൃതദേഹങ്ങൾ. ഇതുകൂടാതെ സംസ്കരിച്ച അജ്ഞാതമൃതദേഹങ്ങൾ 30.
ഒരു വർഷം മുമ്പ് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മയ്യഴിയിൽ ആദ്യമായി ചെറുകല്ലായിയിലെ മഹറൂഫ് എന്നയാൾ പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടപ്പോൾ, പരിയാരത്തെ പള്ളി ഖബറിടത്തിൽ പി.പി.ഇ. കിറ്റുമണിഞ്ഞ് സ്വയം സന്നദ്ധനായെത്തിയത് എ.വി. യൂസഫായിരുന്നു. യൂസഫിന് മാത്രമല്ല, നാടിന് തന്നെ അത് ഭീതിദമായ ആദ്യാനുഭവമായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം പാറാലിലും ഗ്രാമത്തിയിലുമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ നാല് മൃതദേഹങ്ങളാണ് മറവുചെയ്തത്. ഏറ്റവുമൊടുവിൽ ഇന്നലെ പുലർച്ചെ മൂന്നിന് സംസ്‌കരിച്ച മാഹിക്കാരിയായ സീനത്ത് ഉൾപ്പെടെയുള്ളവരെല്ലാം യൂസഫിന് നന്നായി അറിയുന്നവരും.

ഈ മനുഷ്യസ്നേഹിയുടെ മറ്റൊരു മുഖമാണ് ഇനി. ഏതു പതിരാവിലും ആരു വിളിച്ചാലും യൂസഫ് അവിടെ ഓടിയെത്തും
മാഹി ഗവ: ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മയ്യഴിക്കാർക്കും സമീപ പ്രദേശത്തുകാർക്കും വലിയ അനുഗ്രഹമാണ്. അനാഥർക്കുള്ള കൂട്ടിരിപ്പ്, കിടപ്പുരോഗികളെ നഴ്സുമാർക്കൊപ്പം വീടുകളിലെത്തി പരിചരിക്കൽ, അവർക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കൽ എന്നിവ വർഷങ്ങളായി നിത്യജീവിതത്തിന്റെ ഭാഗമാണ്.

സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ ആംബുലൻസ് സർവീസും സൗജന്യ മരുന്നുഷാപ്പും നടത്തുന്നതിനുപുറമെ ആശുപത്രിക്ക് മുന്നിൽ സൗജന്യ കഞ്ഞിപ്പുരയും നടത്തുന്നുണ്ട്. ഓണത്തിനും വിഷുവിനും പെരുന്നാൾ വേളകളിലും ജാതിമതങ്ങൾക്കതീതമായി ഭക്ഷണക്കിറ്റുകൾ നൽകി വരാറുമുണ്ട്. കൊറോണക്കാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് കൊടുത്തത് വലിയ ആശ്വാസമായിരുന്നു. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദികൾക്കും യൂസഫ് പ്രിയ കൂട്ടുകാരനാണ്. നഗരത്തിലെങ്ങും തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മയ്യഴിപ്പുഴയിലെ മാലിന്യങ്ങൾ നീക്കാനും ഈ ചെറുപ്പക്കാരൻ മുന്നിലുണ്ട്.

ഉറ്റബന്ധുക്കളെ പോലും ഒരു നോക്ക് കാണിക്കാനാവാതെ, സ്വന്തം വീട്ടിൽ കയറ്റാനാവാതെ, അന്ത്യകർമ്മങ്ങൾ പോലും നടത്താനാവാതെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യേണ്ടി വരുമ്പോൾ, ഇനിയൊരാൾക്കും ഇത്തരമൊരു അന്ത്യമുണ്ടാകരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കാറുണ്ട്

എ.വി. യൂസഫ്