kottiyur

ഉത്സവചടങ്ങുകൾ സർക്കാർ നിർദ്ദേശപ്രകാരം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ഈ മാസം 28 ന് കൊട്ടിയൂരിൽ നടക്കും. പ്രക്കൂഴം ചടങ്ങിന് മുന്നോടിയായി 27ന് മണത്തണ പൊടിക്കളത്ത് ദൈവത്തെ കാണൽ ചടങ്ങ് നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവം ഏതു വിധത്തിൽ നടത്തണമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ തീരുമാനം വന്നതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു.

ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 ന് ചേർന്ന ദേവസ്വം അധികൃതരുടെ യോഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉത്സവം നടത്തണം എന്നു തീരുമാനിച്ചിരുന്നു. ഇതിനായി ക്ഷേത്രം സ്ഥാനികരും ജീവനക്കാരും വാക്സിനേഷന് വിധേയമാകണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായിരുന്നു. സാഹചര്യം മാറിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

കൊവിഡ് വ്യാപനംമൂലം കഴിഞ്ഞ വർഷം ഉത്സവം നടക്കാത്തതിനാൽ ഭീമമായ വരുമാന നഷ്ടമാണ് ക്ഷേത്രത്തിൽ ഉണ്ടായത്. ഈ വർഷം കൂടി ഉത്സവം നടന്നില്ലെങ്കിൽ ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ തന്നെ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ക്ഷേത്രം ഭാരവാഹികൾക്കുണ്ട്. അടുത്ത മാസം പകുതിയോടെയാണ് ഉത്സവം ആരംഭിക്കേണ്ടത്. അതിനു മുമ്പായി സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് കൊട്ടിയൂർ ദേവസ്വം ബോർഡ് അധികൃതർ.