covid

കണ്ണൂരിൽ ഇന്നലെ 1451 പേർക്ക് കൊവിഡ്

കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 1451 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1338 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 88 പേർക്കും വിദേശത്തുനിന്നെത്തിയ 10 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 69,044 ആയി. ഇവരിൽ 717 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 60,188 ആയി. 364 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 6681 പേർ ചികിത്സയിലാണ്. ഇതിൽ 6447 പേർ വീടുകളിലും ബാക്കി 234 പേർ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 20,610 പേരാണ്. ഇതിൽ 20,025 പേർ വീടുകളിലും 585 പേർ ആശുപത്രികളിലുമാണ്.


അന്തർ സംസ്ഥാന യാത്രകൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവർക്കായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിർദ്ദേശങ്ങൾ കൃത്യമായി പാലക്കണമെന്ന് ജില്ലാ കളക്ടർ ടി. വി സുഭാഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവർ ഇ ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. വാക്സിനേഷൻ ചെയ്തവരും ചെയ്യാത്തവരും നിർബന്ധമായും ജില്ലയിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുമ്പോ എത്തിയ ഉടനെയോ ആർ.ടി.പി.സി.ആർ പരിശോധന ചെയ്തിരിക്കണം. പരിശോധന നടത്താതെ ജില്ലയിൽ എത്തുന്നവർ റൂം ഐസൊലേഷൻ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. പരിശോധനഫലം പോസിറ്റീവ് ആകുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്തണം. നെഗറ്റീവ് ആകുന്നവർ പൊതുസ്ഥലങ്ങളിൽ സാമൂഹ്യഅകലം, മുഖാവരണം, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. കൊവിഡ് ലക്ഷണങ്ങൾ പിന്നീട് പ്രകടിപ്പിക്കുകയാണെങ്കിൽ ചികിത്സ തേടേണ്ടതാണ്. ആർ.ടി.പി.സി.ആർ പരിശോധന നടത്താത്തവർ 14 ദിവസം റൂം ഐസെലേഷൻ തുടരണം. ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക. വിദേശത്ത് നിന്നും എത്തുന്നവർ നിലവിലെ പ്രൊട്ടോകോൾ പാലിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.