covid

കാസർകോട്: ജില്ലയിൽ 622 പേർക്കു കൂടി കൊവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേർക്ക് ഇന്നലെ രോഗം ഭേദമായി. നിലവിൽ 4064 പേരാണ് ചികിത്സയിലുള്ളത്.

വീടുകളിൽ 8990 പേരും സ്ഥാപനങ്ങളിൽ 670 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9660 പേരാണ്. പുതിയതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2737 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 37,372 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32,968 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടർ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആകെയുള്ള 376 ബെഡുകളിൽ 200 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തിന് നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറൽ മജിസ്‌ട്രേറ്റുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കളക്ടർ പറഞ്ഞു. എ.ഡി.എം അതുൽ സ്വാമിനാഥ് സംബന്ധിച്ചു.

തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.എഫ്.എൽ.ടി.സി സജ്ജീകരിക്കുന്നതുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺമാരുടെയും ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടേയും യോഗം ഇന്നു രാവിലെ 10.30ന് ഓൺലൈനിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ ബോധവത്കരണ നടപടികൾ ശക്തമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരുടെയും കോ ഓർഡിനേറ്റർമാരുടേയും യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിനും 2.30നും ഓൺലൈനിൽ ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.