കണ്ണൂർ: ഒരേ സമയം കൈയും വായും കാലും കൊണ്ട് അഞ്ചു ചിത്രങ്ങൾ വരച്ച് ജ്യോതിസ് ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടി.ഒരേ സമയം പത്ത് ഇന്ത്യൻ പ്രസിഡന്റുമാരുടെ ചിത്രം വരച്ചാണ് പയ്യന്നൂർ കണ്ടോന്താറിലെ ഈ ജ്യോതിസ് ഈ അപൂർവ്വം നേട്ടത്തിനുടമയായത്.
വായ കൊണ്ട് ഡോ.രാജേന്ദ്രപ്രസാദിനെയും ഫക്രുദ്ദീൻ അലി അഹമ്മദിനെയും ഇടതു കൈ കൊണ്ട് കെ.. ആർ.. നാരായണനെയും പ്രതിഭ പാട്ടീലിനെയും വലതു കൈകൊണ്ട് നീലം സഞ്ജീവ റെഡ്ഡിയെയും ഡോ..എ.പി.ജെ.. അബ്ദുൾ കലാമിനെയും ഇടതുകാൽ കൊണ്ട് സെയിൽ സിംഗിനെയും വി..വി.. ഗിരിയെയും വലതുകാൽ കൊണ്ട് ഡോ.. എസ്.. രാധാകൃഷ്ണനെയും രാം നാഥ് കോവിന്ദനെയും ഒരേ സമയം വരച്ചു തീർത്താണ് ജ്യോതിസ് ഗിന്നസ് റെക്കാർഡിൽ ഇടം നേടിയത്.
പഞ്ചചിത്രവര എന്ന പ്രതിഭാസം
കൗതുകത്തിന് തുടങ്ങിയ ജ്യോതിസിന്റെ 'പഞ്ചചിത്രവര' ഇപ്പോൾ ഒരു പ്രതിഭാസമായി മാറുകയായിരുന്നു. എന്തെങ്കിലും വരയ്ക്കണമെങ്കിൽ ജ്യോതിസിനിപ്പോൾ കൈകളും കാലുകളും വായയും വേണം. വേണ്ടിവന്നാൽ തീ കൊണ്ടും ശീർഷാസനത്തിലും ചിത്രം വരയ്ക്കും. മാതമംഗലം കൈതപ്രം ചെറുവച്ചേരിയിലെ ലോട്ടറി തൊഴിലാളിയായ പി. ബാലകൃഷ്ണന്റെയും ശ്രീവിദ്യയുടെയും മകനാണ് ജ്യോതിസ്.
വലതുകൈയിൽ തുടങ്ങി ഇടതു കൈയിലേക്കും പിന്നെ വലതുകാലും വരക്കാനായി ഉപയോഗിച്ചു. തുടർന്ന് ഇടതുകാലും വായും കൊണ്ടായി . ചിത്രരചനയിൽ താത്പര്യമുള്ള അച്ഛൻ ബാലകൃഷ്ണനാണ് പ്രചോദനം. ബി. എസ്.സി ഇലക്ടോണിക്സ് പഠനം പൂർത്തിയാക്കിയ ജ്യോതിസ് സ്റ്റെൻസിൽ ആർട്ടിലാണ് പ്രാവീണ്യം നേടിയത്. ചായപ്പൊടികൊണ്ടും വരയ്ക്കാറുണ്ട്.
വര ഇങ്ങനെ
കൈകാലുകളിലെ ചൂണ്ടുവിരലിന്റെയും പെരുവിരലിന്റെയും ഇടയിൽ പേന തിരുകിവച്ചും കടിച്ചുപിടിച്ചുമാണ് വരയ്ക്കുന്നത്. ചുവരുകളിലാണ് തീയും പുകയും കരിയും കൊണ്ടുള്ള ചിത്രരചന. ഒരു കൈകൊണ്ട് കണ്ണു വരച്ചാൽ അടുത്ത കടലാസിൽ അടുത്ത കൈകൊണ്ട് കണ്ണു വരയ്ക്കും. തുടർന്ന് ഓരോ കാലുകൊണ്ടും ഇതു തുടരുന്നു. അതിനുശേഷം വായകൊണ്ടും വരയ്ക്കും. സോഷ്യൽ മീഡിയയിൽ ഇതു പോസ്റ്റ് ചെയ്യുന്നതും താരങ്ങൾ ഷെയർ ചെയ്യുന്നതുമാണ് ജ്യോതിസിന് ഹരംപകരുന്നത്. സഹോദരൻ പ്ളസ് ശ്രേയസും വരവഴിയിലെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.