corp

കണ്ണൂർ:കോർ‌പറേഷൻ പരിധിയിലെ ബീച്ചുകളും പാർക്കുകളും അടച്ചിടാൻ കൗൺസിൽ യോഗത്തിൽ തീരുമാനം.കൊവിഡ് വ‌ർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.ആൾക്കൂട്ടം പരമാവധി നിയന്ത്രിക്കുമെന്ന് മേയർ ടി.ഒ.മോഹനൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ നിയന്ത്രണം കടുപ്പിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.കുട്ടികളുടെ കളിസ്ഥലമുൾപ്പെടെ കടുത്ത നിയന്ത്രണത്തിലാക്കും.കോർപ്പറേഷനെ കൊവിഡ് പ്രവർത്തനങ്ങൾ സ്വതന്ത്രമായി നടത്താൻ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും എസ്.പിയും അനുവദിക്കുന്നില്ലെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ രാഗേഷും മേയർ ടി.ഒ മോഹനനും ആരോപിച്ചു.മഴക്കാല പൂർവ്വ ശുചീകരണം നടത്താനും യോഗത്തിൽ തീരുമാനമായി. .ഇ.ടി.സാവിത്രി,കെ.ഷബീന,അഡ്വ.ചിത്തിര ശശിധരൻ ,ധനേഷ് മോഹനൻ എന്നിവർ സംസാരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85ലേക്ക്

കോർപ്പറേഷൻ പരിധിയിൽ കൊവിഡ് നിരക്ക് 10.85 ലേക്ക് ഉയർന്നിരിക്കുകയാണെന്ന് സെക്രട്ടറി ഡി.സാജു യോഗത്തെ അറിയിച്ചു. .കഴിഞ്ഞ ആഴ്ച്ചകളിൽ ഇത് 4.5 മാത്രമായിരുന്നു.കഴിഞ്ഞ ദിവസം 1185 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 131 പേർ പോസിറ്റീവായി. കഴിഞ്ഞ ദിവസം 4000 ഡോസ് കുത്തി വച്ചതോടെ വാസ്കിൻ കഴിഞ്ഞു.പതിനായിരം ഡോസ് വാക്സിൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്രയും വാസ്കിൻ കൊണ്ട് മതി വരാത്ത സാഹചര്യമാണ്. കോർപ്പഷൻ പരിധിയിൽ ക്യാമ്പ് നടത്തണമെങ്കിൽ ഡോസ് കൊടുത്ത് അരമണിക്കൂർ നിരീകഷണത്തിനിരുത്താനുള്ള സൗകര്യം കൂടി വേണം.എന്നാൽ അത്തരമൊരു സ്ഥലം കണ്ടെത്താൻ കഴിയാത്തത് ക്യാമ്പിന് തടസമാകുന്നുണ്ട്.ഡി.എം.ഒയുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പോർട്സ് കൗൺസിലിനെതിരെ പ്രതിഷേധം

കോർപറേഷന്റെ വാക്‌സിനേഷൻ ബോക്സിംഗ് റിംഗ് അടക്കമുള്ള സ്പോർട്സ് ഉപകരണങ്ങൾ ഇറക്കിയത് സംബന്ധിച്ച് ഭരണ​ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൗൺസിൽ യോഗത്തിൽ വാഗ്വാദമുണ്ടായി. ഈ ഉപകരണങ്ങൾ കണ്ടുകെട്ടണമെന്ന് യു.ഡി.എഫ് കൗൺസിലർ അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.ആരുടേതാണെന്ന് രേഖാമൂലം കോർപ്പറേഷനെ ബോധിപ്പിച്ചാൽ മാത്രമെ ബോക്സിംഗ് റിംഗ് വിട്ടുകൊടുക്കുകയുള്ളുവെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മേയർ ടി.ഒ.മോഹനൻ വ്യക്തമാക്കി.ക്യാമ്പിൽ സ്പോർട്സ് വസ്തുക്കളെത്തിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷവും സമ്മതിച്ചു.

ജില്ലാ ഭരണകൂടം കോർപ്പറേഷനുമായി കൂടിയാലോചന നടത്തുന്നില്ല.കണ്ടയിൻമെന്റ് സോണുകളുടെ പ്രഖ്യാപനവും വിവരങ്ങളും ജില്ലാ ഭരണ കൂടം നൽകിയിട്ടില്ല.വാകിസിൻ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ ക്യാമ്പ് നടത്താൻ സാധിക്കുന്നില്ല.ലഭ്യമായാൽ ഒരു വാർഡിൽ ഒരു കേന്ദ്രത്തിൽ മാത്രമുള്ള വാക്സിനേഷൻ ക്യാമ്പ് പല കേന്ദ്രങ്ങളിലാക്കും​ -ടി.ഒ,മോഹനൻ,മേയർ

സ്പോർട്സ് ഉപകരണങ്ങൾ അടിയന്തരമായി മാറ്റി ജൂബിലി ഹാളിൽ വാക്സിനേഷന് സൗകര്യമൊരുക്കണം.നാളെ ക്യാമ്പ് വീണ്ടും ആരംഭിക്കുമെന്നാണ് കളക്ടറെ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.30,000 ഡോസ് വാസ്കിൻ ഉച്ചയോടെയെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

എൻ.സുകന്യ,എൽ.ഡി.എഫ്