mansoor-assasination

പാനൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വിട്ട പ്രതികളെ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയിൽ നൽകിയ പ്രതികളെ മൻസൂർ വധക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും.

ഇന്നലെയാണ് തലശേരി ജില്ലാ സെഷൻസ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കൃത്യം നടന്നിടത്തുള്ളവരെ മുഴുവൻ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടത്തിലെ വിവരം. ഈ പരിക്കുകൾ എപ്പോൾ സംഭവിച്ചതാണെന്ന് വ്യക്തമാകേണ്ടതുണ്ട്. മൻസൂറിനെ കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്ത് സംഘർഷമുണ്ടായിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. അതിനിടെ രതീഷിന് മർദ്ദനമേൽക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

സംഘർഷത്തിൽ തനിക്കേറ്റ പരിക്കിനെക്കുറിച്ച് ഒളിവിൽ കഴിയവെ കൂട്ടുപ്രതികളോട് രതീഷ് എന്തെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരിക്കുകളുമായി ഇത് താരതമ്യം ചെയ്താൽ സംഭവത്തിനു ശേഷം മർദ്ദനമേറ്റിട്ടുണ്ടോയെന്നതിന് തെളിവാകുമെന്നും കരുതുന്നു.