പാനൂർ: പരിശീലനം പൂർത്തിയാക്കിയ കൊല്ലമ്പറ്റ വനിതാ കോൽക്കളി സംഘം അരങ്ങേറ്റം നടത്തി. 14 വീട്ടമ്മമാരാണ് രാത്രി ഏഴു മണിക്കു ശേഷം വീട്ടുജോലികൾ കഴിഞ്ഞ് ഒത്തുകൂടി കോൽക്കളി പരിശീലിച്ചത്. ഈ മേഖലയിൽ പതിറ്റാണ്ടുകളായി പരിശീലനം നല്കി വരുന്ന ആത്മവിദ്യാ സംഘം പ്രചാരകനും നിമിഷ കവിയുമായ ടി.പി നാരായണനാണ് ഇവരെയും കോൽക്കളി പഠിപ്പിച്ചത്.
കണ്ണീർ സീരിയലുകൾക്ക് വിട നൽകി, കോൽക്കളി പരിശീലനം നേടിയ അമ്മമാർ അരങ്ങേറ്റം കഴിഞ്ഞ് പ്രതികരിച്ചതിങ്ങനെ. "വീട്ടുജോലികൾ കഴിഞ്ഞ് ടി.വിക്ക് മുന്നിൽ ചടഞ്ഞിരിക്കാതെ കോൽക്കളി പരിശീലനം വഴി ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷം ലഭിക്കുന്നുണ്ട്. കുടുംബത്തിൽ നിന്നും കോൽക്കളി പരിശീലനത്തിന് നല്ല പിന്തുണയും ലഭിച്ചു". വീട്ടമ്മമാർ സീരിയലുകൾക്ക് അടിമപ്പെട്ടവരാണെന്ന ധാരണ തിരുത്തുവാനും അന്യമാകുന്ന നാടൻ കലയെ സംരക്ഷിക്കുക എന്ന ദൗത്യം കൂടി നിർവഹിക്കാനായെന്നും സംഘത്തിലെ വീട്ടമ്മമാർ പറഞ്ഞു.
ഇത്തിക്കന്റവിട കമലാക്ഷി, സനിഷ, രസ്ന, നിഷ, ലതിക, ലിജിന, അശ്വതി, ജിനിഷ, ലിജിന, സലിന, ഷീബ, ഇന്ദു, മഹിജ, സാൻവിയ എന്നിവരാണ് പരിശീലനം പൂർത്തിയാക്കിയത്. പ്രൊഫഷണലായി കോൽക്കളി പൊതുവേദികളിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ കൂട്ടായ്മ.