മാഹി: കൊവിഡിനെ തുടർന്ന് അടച്ചിട്ട മാഹി സ്പിന്നിംഗ് മിൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം 225 ദിവസം പിന്നിട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മിൽ തുറക്കുന്നതു വരെ ഗേറ്റ് ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം. എൻ.ടി.സി. ഉദ്യോഗസ്ഥരെ അടക്കം ആരെയും ഉളളിലേക്ക് കയറ്റില്ല എന്ന നിലപാടിലാണ് തൊഴിലാളികൾ
ഒരു വർഷം കഴിഞ്ഞിട്ടും എപ്പോൾ തുറന്നുപ്രവർത്തിക്കുമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ് തൊഴിലാളികൾ. മാർച്ച് 31 നകം മിൽ തുറന്നുപ്രവർത്തിക്കുമെന്ന കേന്ദ്രടെക്സ്റ്റയിൽ മന്ത്രി സ്മൃതി ഇറാനിയുടെയും മുഖ്യമന്ത്രിയുടെയും ഉറപ്പ് അസ്ഥാനത്തായപ്പോൾ തൊഴിലാളികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ച നിലയിലാണ്.
കൊവിഡിനെത്തുടർന്ന് 2020 മാർച്ച് 21-നാണ് മിൽ അടച്ചത്. ഇക്കഴിഞ്ഞ വിഷുവിനുപോലും യാതൊരു സഹായവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. നാടുമുഴുവൻ വിഷു ആഘോഷിക്കുമ്പോൾ വിഷുനാളിലും തൊഴിലാളികൾ വീട്ടിലിരിക്കാതെ സമരംചെയ്യേണ്ട ഗതികേടിലായിരുന്നു.
200 സ്ഥിരം തൊഴിലാളികളും 210 താത്കാലിക തൊഴിലാളികളുമാണ് മില്ലിൽ ജോലിചെയ്യുന്നത്. അടച്ചിട്ട മില്ലിലെ ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മുഴുവൻ ശമ്പളവും ലഭിക്കുമ്പോൾ സ്ഥിരം തൊഴിലാളികൾക്ക് 35 ശതമാനം ശമ്പളം മാത്രമാണ് നൽകിയിരുന്നത് . താത്കാലിക തൊഴിലാളികൾക്ക് ഒരുവേതനവും ഇതുവരെ നൽകിയിട്ടില്ല.
ജോലിയും കൂലിയുമില്ലാതെ മറ്റു യാതൊരു വരുമാനവുമില്ലാതെ ജീവിതം ദുരിതത്തിലെത്തിനിൽക്കുമ്പോഴും മിൽ തുറക്കാൻ ഇനിയും എത്രനാൾ എന്ന ചോദ്യം സ്വയം ചോദിക്കുകയാണ് തൊഴിലാളികൾ.

സമരം ചെയ്യുന്ന തൊഴിലാളികൾ മാഹി സ്പിന്നിംഗ് മിൽ ഉപരോധിച്ചപ്പോൾ