വാർഡ് തല ജാഗ്രത സമിതികൾ ശക്തമാക്കും
കാസർകോട്: ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും 25 വീതം കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്വയംഭരണസ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനമറിയിച്ചത്.
ഡോക്ടർമാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിൽ സ്‌കൂൾ, കോളേജ്, വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടി.സി ഒരുക്കുന്നത്. ഇവയുടെ പൂർണ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വികേന്ദ്രീകൃത ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പഞ്ചായത്ത് രാജ് നിയമത്തിന്റെയും പകർച്ചവ്യാധി നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാം. പ്രാദേശിക തലത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ശക്തമാക്കാനും കളക്ടർ നിർദ്ദേശം നൽകി.
വാർഡുതല ജാഗ്രതസമിതികൾ അടിയന്തിരമായി വിളിച്ചുകൂട്ടണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള മാഷ് പദ്ധതിയിൽ ഉൾപ്പെട്ട മുതിർന്ന അധ്യാപകനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ച് ഉത്തരവിറക്കണം. ജില്ലയുടെ 17 അതിർത്തികളിലും ശക്തമായ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കും.ദൈനംദിന ജീവിത സഞ്ചാരത്തിനുള്ള മാർഗങ്ങൾക്ക് തടസ്സം വരാതെ, വ്യാപനം ഒഴിവാക്കുന്നതിനായാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയതെന്നും കളക്ടർ വിശദീകരിച്ചു.
ജില്ലയിലുള്ളത് 376 ബെഡുകൾ
ജില്ലയിൽ കൊവിഡ് ചികിത്സയ്ക്ക് നാല് സർക്കാർ ആശുപത്രികളിലായി (ടാറ്റ ആശുപത്രി, കാസർകോട് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി) 376 ബെഡുകളാണ് ഉള്ളത്. നിലവിൽ 200 ബെഡുകളിൽ രോഗികളുണ്ട്. ടാറ്റ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി 12 വീതം 24 ഹൈപ്രഷർ ഓക്സിജൻ ബെഡുകളും 12 ആംബുലൻസുകളുമാണ് ഉള്ളത്. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ഇത് മതിയാകാതെ വരും. ഈ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.
30ൽ അധികമായാൽ വാർഡ് ലോക് ഡൗൺ
മെക്രോ കണ്ടെയ്ൻമെന്റ് സോണായ കയ്യൂർ ചീമേനി പഞ്ചായത്തിലെ മുപ്പതിൽ അധികം രോഗികളുള്ള വാർഡിൽ ലോക്ഡൗൺ പ്രഖ്യാപിക്കാവുന്നതാണെന്ന് യോഗത്തിൽ കളക്ടർ നിർദേശിച്ചു.