തലശ്ശേരി: ജനറൽ ആശുപത്രിയിൽ എട്ട് വിഭാഗത്തിലായി സബ് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കാൻ വികസന സമിതി യോഗത്തിൽ തീരുമാനം. മെഡിസിൻ ഡയബറ്റിക് ക്ലിനിക്ക്, ഓർത്തോ, ഗൈനക് ഇൻഫർട്ടിലിറ്റി ക്ലിനിക്ക്, ഇ.എൻ.ടി.വർ ടൈഗോ ക്ലിനിക്ക്, പീഡിയാട്രിക് വെൽ ബേബി ക്ലിനിക്ക്, ഒഫ്‌ത്താൽമോളജി റെറ്റിന ക്ലിനിക്ക് 1 സ്‌കിൻ, കോസ്മമറ്റിക് ക്ലിനിക്, സർജറി യൂറോ മെയിൽ ഇൻഫർട്ടിലിറ്റി ക്ലിനിക്ക് എന്നിവയ്ക്കാണ് ശുപാർശ.
ആശുപത്രിയിലെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന പ്രവണതയും ജീവനക്കാരുടെ നിരുത്തരവാദ പെരുമാറ്റവും ചർച്ചയായതോടെ ബന്ധപ്പെട്ടവരെ വിളിച്ചു കൂട്ടി വിഷയം പരിഹരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ നടത്തിപ്പ് കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രിയിലെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനും ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാനും നിർദ്ദേശം നൽകി.
ചെയർപേഴ്സൺ കെ.എം. ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. പവിത്രൻ, എം.പി. അരവിന്ദാക്ഷൻ, പൊന്ന്യം കൃഷ്ണൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, ഒ. രമേശൻ, പി. പ്രസന്നൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ. ഡോ. വി.എസ്. ജിതിൻ, നഗരസഭാ സെക്രട്ടറി എം. സുരേശൻ എന്നിവർ സംബന്ധിച്ചു.