peedanam

കണ്ണൂർ :കനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ കെ.എസ്. സ്വപ്ന മാനസിക സമ്മർദത്താൽ ബാങ്കിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് മാനേജ്‌മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ആഴ്ച്ച കൈമാറിയിരുന്നു.

തൃശ്ശൂർ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകൾ ഉണ്ടായിരുന്നിട്ടും കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ കനറാബാങ്ക് മാനേജ്‌മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്. വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും വിധവയുമാണെന്ന പരിഗണന പോലും നൽകിയില്ല. ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തിൽ കനറാബാങ്ക് മാനേജ്‌മെന്റിനെതിരേ സാദ്ധ്യമായ അന്വേഷണങ്ങൾ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികൾ സ്വീകരിക്കണമെന്നും ശിപാർശയിലുണ്ട്.

ബാങ്കിംഗ് ഉൾപ്പെടെയുള്ള തൊഴിൽമേഖലയിലെ മാനസിക സമ്മർദ്ദം അനിയന്ത്രിതമാകാതിരിക്കാൻ ആഭ്യന്തര പരാതി പരിഹാരസമിതിയുടെ മാതൃകയിൽ സമിതിയുടെ നിയമനത്തിന് ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും കമ്മിഷൻ ശിപാർശ ചെയ്തിട്ടുണ്ട്.കാനറാബാങ്ക് ജീവനക്കാരിയായ കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസർ പ്രിയംവദയെ മാനേജ്‌മെന്റ് ഉൾപ്പെട്ട അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ മാനസികപീഡന പരമ്പരകളേൽപ്പിച്ച ശേഷം പിരിച്ചുവിട്ട നടപടിയും കമ്മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

. ബാങ്കുകൾ തമ്മിലുള്ള കിടമത്സരം ജീവനക്കാരിൽ അധിക സമ്മർദ്ദം ഏൽപ്പിക്കുന്ന തരത്തിലേക്ക് വളർന്നിട്ട് നാളേറെയായി. മനുഷ്യത്വമുള്ള മാനേജ്‌മെന്റ് ആണെങ്കിൽ തൊഴിലാളികൾക്ക് ആവശ്യമായ കാര്യങ്ങളിൽ താങ്ങും തണലുമായി നിൽക്കാൻ തയാറാകണം. സ്ത്രീ ജീവനക്കാരുടെമേൽ കടുത്ത മാനസിക സമ്മർദം ഏൽപ്പിക്കുന്നതരത്തിലുള്ള പ്രവൃത്തികൾ വിവിധ മേഖലകളിൽ നടക്കുന്നതായാണ് വനിതാ കമ്മിഷനു ലഭിക്കുന്ന പരാതികളിൽ നിന്നും മനസിലാകുന്നത്. - എം..സി. ജോസഫൈൻ ചെയർപേഴ്സൺ , വനിതാ കമ്മിഷൻ