കാസർകോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കുത്തിവയ്പ് സർട്ടിഫിക്കറ്റില്ലാതെ കാസർകോട്ടെ ടൗണുകളിൽ പ്രവേശനമില്ലെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ ഡോ. ഡി.സജിത്ബാബുവിന്റെ ഉത്തരവ് കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.
ജില്ലയിലെ ടൗണുകളിൽ സർട്ടിഫിക്കറ്റ് കൈയിലുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന് രണ്ടു ദിവസം മുമ്പാണ് കളക്ടർ ഉത്തരവായത്.ഇതിന്റെ അടിസ്ഥാനത്തിൽ ചെറുവത്തൂർ, നീലേശ്വരം,കാഞ്ഞങ്ങാട്,കാസർകോട്, ഉപ്പള, കുമ്പള ടൗണുകളിൽ പൊലീസ് ആളുകൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ബാരിക്കേഡ് വച്ച് തടഞ്ഞ് സർട്ടിഫിക്കറ്റുള്ളവരെ മാത്രം നഗരത്തിൽ പ്രവേശിപ്പിച്ചാൽ മതിയെന്നായിരുന്നു നിർദ്ദേശം. പൊലീസിന് പുറമെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ സ്ഥലത്തേക്ക് നിയോഗിക്കാനും കളക്ടർ ഉത്തരവിട്ടിരുന്നു. വിവാദമായതോടെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനടക്കം അതൃപ്തി രേഖപ്പെടുത്തിയെങ്കിലും, ഇന്നലെ മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തില്ലെന്ന് കളക്ടർ നിലപാട് മയപ്പെടുത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നതിനാൽ 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കാനാണ് പരിശോധന നടത്തുന്നതെന്ന് കളക്ടർ ഇന്നലെ വിശദീകരിച്ചു. ഇത്തരം പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.