കാസർകോട്: സ്കൂളിലും നാട്ടിലും മിടുക്കിയായി ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായി മാറിയ ആര്യമോൾക്ക് ഇപ്പോൾ സങ്കടവും ദേഷ്യവുമാണ്. കേൾവിക്കുറവുള്ള അവളുടെ ശ്രവണസഹായി വീണുടഞ്ഞതോടെ ഇപ്പോൾ ഒന്നും കേൾക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയാണ്. ആര്യമോൾക്ക് കേൾക്കാനും പഠിക്കാനും കഴിയാത്തതിന്റെ സങ്കടം മാറ്റാൻ നിവൃത്തിയില്ലാതെ കഷ്ടപ്പാടിന്റെ തുരുത്തിൽ ദരിദ്ര കുടുംബവും.
ചെമ്മനാട് കോളിയടുക്കം കോണത്തുമൂലയിലെ വയലാംകുഴിയിൽ എം. സുധാകരന്റെയും ഇ. ലതയുടെയും മകളാണ് കോളിയടുക്കം ഗവ. യു.പി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയായ ആര്യ. ഒന്നര വയസായ ഇവരുടെ രണ്ടാമത്തെ മകൻ ആദിഷിനും ആര്യയെ പോലെ ചെവി കേൾക്കുന്നില്ലെന്ന് അറിഞ്ഞതോടെ കുടുംബം മുഴുവൻ നിശബ്ദതയുടെ തീരത്താണ്.
ഇരട്ട പ്രഹരം താങ്ങാൻ കഴിയാതെ കണ്ണീർവാർക്കുകയാണ് നിർദ്ധന കുടുംബം. കൂലിപ്പണിയെടുത്ത് മക്കളുടെ ചികിത്സയും ചെലവും നടത്തണം. രണ്ടു മക്കളുടെയും ചികിത്സയും ആശുപത്രിവാസവും ആയപ്പോൾ ദമ്പതികൾക്ക് കൂലിപ്പണിക്ക് പോകാനും വയ്യാതായി.
2008 ൽ തുടങ്ങിയിട്ടും പണിതീരാത്ത കൊച്ചുവീടിനുള്ളിൽ മക്കളെ നോക്കി നെടുവീർപ്പിടുകയാണ് സുധാകരനും ഭാര്യ ലതയും. ആറു വർഷം മുമ്പ് പലരുടെയും സഹായത്തിൽ, അച്ഛനും അമ്മയും കഷ്ടപ്പെട്ട് വാങ്ങി നൽകിയ ശ്രവണ സഹായി ആര്യമോളുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയിരുന്നു. അബദ്ധത്തിൽ വീണുപൊട്ടി, പുറംലോകത്തിന്റെ ശബ്ദം ചെവിയിൽ പതിക്കാതെ വന്നപ്പോഴാണ് കളിചിരികൾ മാഞ്ഞുപോയി ആര്യമോൾക്ക് ദേഷ്യം വന്നുതുടങ്ങിയത്.
'കടയിൽ പോയി മറ്റു സാധനം വാങ്ങുന്നില്ലേ, നിങ്ങൾക്കെന്താ ഈ മെഷീൻ വാങ്ങിതന്നൂടെ ..' എന്ന ആര്യമോളുടെ ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് അമ്മ ലത.
2014 നവംബറിൽ ഒന്നര വയസായപ്പോളാണ് ബദിയടുക്ക മാർതോമയിലും കോഴിക്കോട് ആശുപത്രിയിലും കൊണ്ടുപോയി ആര്യമോൾക്ക് ശസ്ത്രക്രിയ നടത്തി ശ്രവണ സഹായി ഘടിപ്പിച്ചത്. അന്നതിന് 65,000 രൂപയായിരുന്നു വില. ശസ്ത്രക്രിയ ഉൾപ്പെടെ 10 ലക്ഷം ചിലവായി. ഇന്ന് ശ്രവണ സഹായിയുടെ വില ഒരു ലക്ഷമാണ്. 5600 വിലയുള്ള കേബിളും 17000 രൂപയുള്ള ഹെഡ് പീസും ഇടയ്ക്കിടെ മാറ്റിയിട്ടു കൊണ്ടിരുന്നതിനാൽ ആറു വർഷമായി കേൾവി പ്രശ്നം ഇല്ലായിരുന്നു.
ആഴ്ചകൾക്ക് മുമ്പാണ് കേൾവി യന്ത്രം വീണുടഞ്ഞത്. ശസ്ത്രക്രിയയും കേൾവി യന്ത്രവും ആദിഷിനും വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചുരുങ്ങിയത് 10 ലക്ഷം രൂപയില്ലാതെ പ്രതിവിധി കണ്ടെത്താൻ കഴിയില്ല. രണ്ടു ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ജീവിക്കാൻ പോലും വകയില്ലാത്ത സമയത്ത് ഇത്രയും പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നട്ടംതിരിയുകയാണ് കുടുംബം. സർക്കാരോ സന്നദ്ധ സംഘടനകളോ കരുണ കാണിച്ചാൽ ആര്യമോളുടെയും ആദിഷ് മോന്റെയും ജീവിതത്തിന്റെ താളം തിരിച്ചുവന്നേക്കും.
ഫോൺ: 7907 86 17 00