കണ്ണൂർ: തൊണ്ടിമുതലായ മണൽലോറി ആക്രിക്കടയിൽ തൂക്കിവിറ്റ് പുട്ടടിച്ച തളിപ്പറമ്പ് പൊലീസ്, ശീലം ഇനിയും ഉപേക്ഷിച്ചില്ല. ഇത്തവണ കള്ളന്റെ എ.ടി.എം കാർഡിന്റെ പാസ്‌വേഡ് മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയിൽ യുവാവിനെ രക്ഷിതാക്കളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച വിവാദത്തിന് പിന്നാലെയാണ് സേനയ്ക്ക് അപമാനമായി പുതിയ വിവാദം.
എം.ടി.എം തട്ടിപ്പ് സംഭവം പുറത്തുവന്നതോടെ തളിപ്പറമ്പ് പൊലീസിന്റെ കൊള്ളയ്ക്കിരയായ പലരും തങ്ങളുടെ സമാന അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആക്സിഡന്റ് കേസുകളിൽ ഇടനിലക്കാരായി നിന്ന് പണം തട്ടുന്നതാണ് എസ്.ഐ റാങ്കിൽ നിന്ന് മുകളിലേക്ക് വരെയുള്ളവരുടെ പ്രധാന പണിയെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ച് കളയുന്നതിനാൽ വിവാദങ്ങളൊന്നും ഇവരെ ബാധിക്കുന്നേയില്ല.
പിടിയിലായ സിവിൽ പൊലിസ് ഓഫിസർക്ക് മാത്രമല്ല മറ്റു പലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കേസിലെ പ്രതിയായ സിവിൽ പൊലിസ് ഓഫിസറെ കേസിൽ നിന്നും രക്ഷിക്കാനായുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായ ആരോപണം ഉയർന്നിട്ടുണ്ട്. മോഷ്ടാവിന്റെ എ.ടി.എം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരലക്ഷം രൂപയോളം കൈക്കലാക്കിയെന്നാണ് കേസ്. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇ.എൻ. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ശ്രീകാന്തിനെ വകുപ്പ് തല അന്വേഷണത്തിന് വിധേയമാക്കി സസ്‌പെൻഡ് ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചുവെങ്കിലും ഇപ്പോഴും വിവാദം അടങ്ങിയിട്ടില്ല.
കാർഡ് തട്ടിയെടുത്തതിന് ശേഷം ഏപ്രിൽ ഏഴുമുതൽ വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുകയായിരുന്നു. എ.ടി.എം കാർഡിന്റെ പിൻ കോഡ് കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണിൽ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദ്ദേശാനുസരണം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. നേരത്തെ തൊണ്ടിമുതൽ ആക്രകടയിൽ വിൽപ്പന നടത്തിയ സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.