പെരിയ (കാസർകോട്): സസ്യങ്ങൾ സമ്മർദ്ദാനുഭവങ്ങൾ സന്തതികളിലെ ജനിതക ഘടനയിലെ തകരാർ പരിഹരിക്കുന്ന ജീനിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം. പെരിയ കേരള കേന്ദ്ര സർവകലാശാല പ്ലാന്റ് സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ജാസ്മിൻ എം ഷാ, ഗവേഷക വിദ്യാർത്ഥി ഡോ. ജോയസ് ടി. ജോസഫ് എന്നിവർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സസ്യങ്ങൾക്ക് തലച്ചോറില്ലെങ്കിലും ഓർമ്മ ശക്തിയുണ്ട്. അവരുടെ അനുഭവങ്ങളുടെ പ്രസക്ത ഭാഗം ആദ്യത്തെയും രണ്ടാമത്തെയും തലമുറ സന്തതികളിലേക്ക് കൈമാറ്റം ചെയ്യാൻ സാധിക്കും.
കോഡ് ഭാഷയുടെ രൂപത്തിലാണ് അനുഭവങ്ങൾ കൈമാറുന്നതെന്നും പഠനത്തിൽ വ്യക്തമായി. ഇത് മനുഷ്യരുമായും താരതമ്യപ്പെടുത്താവുന്നതാണ്. 2015ൽ ന്യൂയോർക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഗവേഷക സംഘം ഹോളോകോസ്റ്റ് ഇരകൾക്ക് അവരുടെ അനുഭവം കുട്ടികളുടെ ഡി.എൻ.എയിലേക്ക് കൈമാറാൻ ശേഷിയുള്ളതായി കണ്ടെത്തിയിരുന്നു. എപ്പിജനിക് മെമ്മറീ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്. സസ്യങ്ങളിൽ ഇത്തരം എപിജനെറ്റിക് മെമ്മറി കൂടുതൽ രോഗപ്രതിരോധശേഷി ഉണ്ടാക്കുകയോ സമാനമായ സമ്മർദ്ദം നേരിടാൻ നന്നായി തയ്യാറാക്കുകയോ ചെയ്യും. ഡോ. ജാസ്മിൻ പറഞ്ഞു.
ക്രൗൺ ഗാൾ രോഗത്തിന് കാരണമാകുന്ന അഗ്രോബാക്ടീരിയം ട്യൂമിഫേഷിൻസ് സംക്രമിപ്പിച്ച് അറാബിഡോപ്‌സിസ് താലിയാന എന്ന സസ്യത്തിലാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ മൂന്ന് തലമുറ സന്തതി സസ്യങ്ങളെ പഠനത്തിന് വിധേയമാക്കി. സസ്യങ്ങൾ ബാക്ടീരിയ അണുബാധയ്ക്ക് വിധേയരായതിന്റെ ഓർമ്മ പ്രദർശിപ്പിച്ചതായും ഈ വിവരങ്ങൾ രണ്ടാം തലമുറ സന്തതികളിലും കണ്ടെത്താനും പഠനത്തിൽ സാധിച്ചു. ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകൾ ഉത്പാദിപ്പിക്കുന്നതിനും അഗ്രോബാക്ടീരിയം ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളിൽ അഗ്രോബാക്ടീരിയം ഇൻഡ്യൂസ്ഡ് മെമ്മറി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പഠനമാണ് തങ്ങളുടേതെന്നും ഡോ. ജാസ്മിൻ പറഞ്ഞു.
സസ്യങ്ങളുടെ ഡിഫൻസ് ഡി.എൻ.എയിൽ മറ്റ് ചില രോഗകാരികളായ ബാക്ടീരിയകൾ ഓർമ്മ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇപ്പോഴത്തെ പഠനത്തിൽ ബാക്ടീരിയ ബാധിച്ച മാതൃ സസ്യത്തിന്റെ അനുഭവം ജനിതക ഘടനയിലെ തകരാർ പരിഹരിക്കുന്ന ഒന്നും രണ്ടും തലമുറയിലെ സസ്യങ്ങളിലെ ജീനിലാണ് കണ്ടെത്തിയത്. സമ്മർദ്ദാനുഭവങ്ങൾ മാതൃസസ്യത്തിൽ ജനിതകമാറ്റങ്ങൾക്ക് കാരണമാകുന്നുമില്ല. രോഗങ്ങൾ, വരൾച്ച, പട്ടിണി എന്നിവ കാരണമായുണ്ടാകുന്ന സമ്മർദ്ദാനുഭവങ്ങൾ ഡി.എൻ.എയിൽ എപിജനെറ്റിക് അടയാളങ്ങൾ സൃഷ്ടിക്കും. സന്തതികളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള നാന്ദിയായി ഇത് മാറുന്നു. പ്ലാന്റ് മോളിക്യുലാർ ബയോളജി റിപ്പോർട്ടർ എന്ന അന്തർദ്ദേശീയ ജേർണലിൽ ഈ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.