കണ്ണൂർ:.ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗവിദഗ്ദരുടെ പട്ടികയിൽ ഇടം പിടിച്ച് കണ്ണൂർ സ്വദേശിനിയായ ഡോക്ടർ.ലോകത്തെ നേത്രരോഗവിദഗ്ധരുടെ ദി ഓഫ്താമോളജിസ്റ്റെന്ന മാഗസിൻ പവർ ലിസ്റ്റെന്ന പേരിൽ പുറത്തിറക്കിയ നൂറുപേരടങ്ങിയ വനിതാഡോക്ടർമാരുടെ പട്ടികയിലെ ഏക മലയാളിയാണ് താണ സ്വദേശിയായ ടി.ടി.ഇബ്രാഹിമിന്റെയും ഉമുൽ ഫായിസയുടെയും ആറ് മക്കളിൽ മൂന്നാമത്തവളായ ഫൈറൂസ്.
കണ്ണിലെ കാൻസറിനെ കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും സംഭാവനകളും മുൻ നിർത്തിയാണ് ഫൈറൂസിനെ മാഗസിൻ തിരഞ്ഞെടുത്തത്.കണ്ണിൽ കാൻസർ ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം പരാമാവധി കാഴ്ച്ചയും കൂടി സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിനും കൂടിയാണ് ഈ അംഗീകാരം. ലോകത്ത് പ്രതിവർഷം 8000 മുതൽ 8500 വരെ കുട്ടികൾക്ക് പിടിപെടുന്ന റെറ്റീനൊ ബ്ലാസ്റ്റോമ എന്ന കാൻസറിനെ കാഴ്ച സംരക്ഷിച്ചുകൊണ്ട് ഭേദപ്പെടുത്താനാകുമെന്ന ഫൈറൂസിന്റെ ആശയം ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. നേരത്തെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകി കണ്ണെടുത്തു കളഞ്ഞായിരുന്നു ഈ രോഗത്തെ പ്രതിരോധിച്ചിരുന്നത്.
ഇന്റ്രാവിട്രിയൽ കീമോതെറാപ്പിയെന്ന അതിനൂതന ചികിത്സാരീതിയിലൂടെ ട്യൂമർ സെല്ലുകളെ കുത്തിവെപ്പിലൂടെ നശിപ്പിച്ചു കളയുന്ന അമേരിക്കയിൽ സാർവത്രികമായ ചികിത്സാരീതിയിൽ ഗവേഷണം നടത്തുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഫൈറൂസ് അടങ്ങിയ സംഘം. കുട്ടികൾക്ക് പുറമെ മുതിർന്നവരിലും പുതിയ ചികിത്സാ രീതിയിലൂടെ കാഴ്ച നഷ്ടപ്പെടാതെ ഈ ചികിത്സ ഫലപ്രദമാകുമെന്നും ഈ യുവഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ഫൈറൂസ് മൈസൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി . ആറ് വർഷമായി ബാഗ്ലൂരിലെ ഹോറസ് സ്‌പെഷ്യാലിറ്റി ഐ കെയർ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്.കണ്ണിലെ പ്ലാസ്റ്റിക്ക് സർജറി ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഡോ.ഫൈറൂസ്.നല്ലൊരു നർത്തകി കൂടിയാണ് ഡോക്ടർ. ആറ് വയസ് മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചുതുടങ്ങിയതാണ്. ജൂനിയർ ,സീനിയർ തലത്തിൽ മികച്ച എൻ.സി.സി കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2001 ൽ മിസ്സ് കേരള ഫസ്റ്റ് റണ്ണറപ്പായിരുന്നു.
മുതിർന്നയാളുകളുടെ കണ്ണുകളിലും പല തരത്തിലുള്ള കാൻസറുകൾ കണ്ടു വരുന്നുണ്ട്.ശരീരത്തിന്റെ മറ്റ് ഭാഗത്ത് വന്ന കാൻസർ കണ്ണിലേക്കു പടരാൻ സാദ്ധ്യതയുണ്ട്.എന്നാൽ ആളുകൾ ഇതിനെ കുറിച്ച് ബോധവാന്മാരല്ല.തുടക്കത്തിലെ കണ്ടുപിടിച്ചാൽ ഏത് കാൻസറും സുഖപ്പെടുത്താൻ സാധിക്കും-ഡോ.എം.പി.ഫൈറൂസ്