കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കുളം നവീകരണപ്രവൃത്തി തുടങ്ങി. വർഷങ്ങളായി കാടുപിടിച്ചും സംരക്ഷണമില്ലാതെയും കിടന്ന കുളം ചെറുകിട ജലസേചനവകുപ്പാണ് പുതുക്കിപ്പണിത് ഉപയോഗപ്രദമാക്കുന്നത്. 16 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. കുളത്തിന്റെ അടിഭാഗം ചെളി നീക്കി കല്ലുപാകും. മുകൾഭാഗത്ത് അരികുഭിത്തി കെട്ടും. കൈവരികൾ സ്ഥാപിക്കും. കാഞ്ഞങ്ങാട് പഞ്ചായത്തായിരുന്ന കാലത്ത് പടിഞ്ഞാറൻ ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളിൽ വെള്ളമെത്തിക്കാനാണ് കുളം നിർമിച്ചത്. പരിസരപ്രദേശങ്ങളിൽ ജലസേചനത്തിന് കൃഷിക്കാർ കുളം പ്രയോജനപ്പെടുത്തിയിരുന്നു. കൃഷി അന്യം നിന്നുപോവുകയും കൃഷിസ്ഥലങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ സംരക്ഷണമില്ലാതെ കുളം നാശോന്മുഖമായി. കുളം കൈയേറി സ്വന്തമാക്കാൻ ചിലർ നടത്തിയ ശ്രമം ജനകീയ ഇടപെടലിനെ തുടർന്നാണ് പരാജയപ്പെട്ടത്. ത്രിതല പഞ്ചായത്തുകളുടെ അധീനതയിലുള്ളതും മറ്റു വിധത്തിൽ സംരക്ഷണം ആവശ്യമുള്ളതുമായ കുളങ്ങൾ സംരക്ഷിക്കുന്നതിന് ചെറുകിട ജലസേചന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായണ് അലാമിപ്പള്ളി കുളം നവീകരിക്കുന്നത്.