തളിപ്പറമ്പ്: കൊവിഡ് പ്രതിരോധത്തിനായി തളിപ്പറമ്പിൽ റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ നേരിട്ടിറങ്ങി വാഹന പരിശോധന നടത്തി. വാഹനങ്ങൾ തടഞ്ഞ് കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കാനുള്ള നിർദേശം നൽകുകയായിരുന്നു എസ്.പി. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
കണ്ണൂർ റൂറൽ പൊലീസ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കർശനമായി വാഹന പരിശോധന നടത്തുകയാണ്. രണ്ടു ദിവസങ്ങളിലായി സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള കർശന പരിശോധനകൾ തുടരും. തളിപ്പറമ്പ് ദേശീയപാതയിൽ തൃച്ചംബരത്ത് ബാരിക്കേഡ് വച്ച് വാഹനങ്ങൾ തടഞ്ഞാണ് പരിശോധന നടക്കുന്നത്. ബസുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യുന്നുണ്ടെങ്കിൽ കർശന നടപടികൾ ഉണ്ടാകും. കൂടാതെ അനാവശ്യമായി നഗരത്തിൽ എത്തുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെയും നഗരത്തിൽ എത്തുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും നവനീത് ശർമ പറഞ്ഞു. നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ നമ്പറും യാത്രികരുടെ വിവരങ്ങളും പൊ ലീസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രേഖപ്പെടുത്തുന്നുണ്ട്. കണ്ടയിൻമെന്റ് സോണുകളിലും നഗരത്തിന്റെ വിവിധ സർക്കിളുകളിലും പരിശോധന നടത്തുന്നുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ. ഇ പ്രേമരാജൻ, സി.ഐ. വി. ജയകുമാർ, എസ്.ഐ പി.എം. സുനിൽ കുമാർ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.