കാസർകോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. വാക്സിൻ കേന്ദ്രങ്ങളിൽ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ നിൽക്കുകയും കൂട്ടംകൂടുകയും ചെയ്യുന്നത് പുതിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ അതിരാവിലെ മുതൽ വൻതിരക്കായിരുന്നു. കാസർകോട് നഗരസഭാ പരിധിയിൽ വാക്സിൻ നൽകുന്ന പുലിക്കുന്നിലെ നഗരസഭാ കോൺഫറൻസ് ഹാളിന് മുന്നിൽ ഇന്നലെ രാവിലെയും വലിയ തിരക്കായിരുന്നു. ആറു മണിക്ക് മുമ്പേ എത്തി പലരും ടോക്കന് വേണ്ടി കാത്തിരിക്കുകയായിരുന്നു. 9.30 ഓടെയാണ് ഇവിടെ വാക്സിനേഷൻ ആരംഭിച്ചത്. 500 പേർക്കാണ് ഇന്നലെ ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകിയത്. വാക്സിൻ സ്വീകരിക്കാൻ എത്തിയവരെ കൊണ്ടുള്ള തിരക്ക് ഏറെ ദൂരമുള്ള ടൗൺഹാൾ വരെ നീണ്ടു നിന്നു. പൊരിവിയിലിൽ കാത്തുനിന്ന് ക്ഷീണം ബാധിച്ചാണ് പലരും തിരിച്ചുപോയത്.
രോഗഭീതി മൂലം വാക്സിൻ എടുക്കാൻ വരുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ട്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ വലിയ തിരക്കായിരുന്നു. കാഞ്ഞങ്ങാട് വ്യാപാര ഭവന് മുന്നിൽ വാക്സിൻ സ്വീകരിക്കാൻ വലിയ തിരക്ക് അനുഭവപ്പെട്ടു. ക്യൂ നീണ്ട് ടെലിഫോൺ എക്സ്‌ചേഞ്ച് പരിസരം വരെയെത്തി. ഇവിടെ. ഇന്നലെ1598 പേർക്കാണ് കുത്തിവെപ്പ് നടത്തിയത്. 45 വയസിനു മുകളിലുള്ളവർക്കാണ് നിലവിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ്. ആദ്യ ഡോസ് കോവിഷീൽഡ് എടുത്ത് കാലാവധി തികഞ്ഞവർക്ക് രണ്ടാമത്തെ കുത്തിവെപ്പും നൽകുന്നുണ്ട്. വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് അടുത്ത ക്യാമ്പും നടത്താനാണ് അധികൃതരുടെ ശ്രമം.